ഒമാനിൽ പൊതുഗതാഗത മേഖലക്ക് സ്വീകാര്യതയേറുന്നതായി കണക്കുകൾ
|ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ എട്ടര ലക്ഷത്തിലധികം ആളുകളാണ് മുവാസലത്ത് വഴി യാത്ര ചെയ്തത്.
ഒമാനിൽ പൊതുഗതാഗത മേഖലക്ക് സ്വീകാര്യതയേറുന്നതായി ദേശീയ ഗതാഗത കമ്പനിയുടെ കണക്കുകൾ. ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ എട്ടര ലക്ഷത്തിലധികം ആളുകളാണ് മുവാസലത്ത് വഴി യാത്ര ചെയ്തത്. ഒമാന്‍റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലത്ത് വഴി കഴിഞ്ഞ വർഷം ഇക്കാലയളവിൽ യാത്ര ചെയ്തത് 6,35,000 ആളുകൾ ആണ്.
പ്രതിദിനം 9,000ത്തിലധികം യാത്രക്കാരാണ് മുവാസലാത്തിനെ ആശ്രയിക്കുന്നത്. മുവാസലാത്തിന്‍റെ ഫെറി സർവിസ് കഴിഞ്ഞ വർഷത്തിന്‍റെ ആദ്യപാദത്തിൽ 51,000 യാത്രക്കാരാണ് ഉപയോഗിച്ചതെങ്കിൽ ഈ വർഷമിത് 60,000 ആയിയി ഉയർന്നു. ബസ് സർവീസ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാരിൽ 37 ശതമാനവും ഒമാൻ സ്വദേശികളാണ്. ഫെറി സർവിസുകളിലെ മൊത്തം യാത്രക്കാരിൽ 81.2 ശതമാനവും ഒമാനികളാണ്. കഴിഞ്ഞ വർഷം ആകെ 2,21000ത്തിലധികം യാത്രക്കാരാണ് ഫെറി സർവിസിനെ ഉപയോഗിച്ചത്. ബസ്, ഫെറി സർവിസുകൾക്കുള്ള ഉയർന്ന ഡിമാൻഡ് ഒമാനികളുടെ പൊതുഗതാഗത സേവനങ്ങളോടുള്ള അവബോധവും താൽപ്പര്യവുമാണ് സൂചിപ്പിക്കുന്നതെന്ന് മുവാസലാത്ത് അധികൃതർ പറഞ്ഞു.