ഒമാനിൽ നിന്ന് ചൈനയിലേക്ക് മത്സ്യകയറ്റുമതി; 23 കമ്പനികൾക്ക് ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ്
|നിലവിൽ ലോകമെമ്പാടുമുള്ള 84 രാജ്യങ്ങളിലേക്ക് ഒമാൻ മത്സ്യകയറ്റുമതി ചെയ്യുന്നുണ്ട്
മസ്‌കത്ത്: ചൈനയിലേക്ക് മത്സ്യം നേരിട്ട് കയറ്റുമതി ചെയ്യാൻ ആരംഭിച്ച് ഒമാനിൽ നിന്നുള്ള കമ്പനികൾ. പരിശോധന, ക്വാറന്റൈൻ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ഇരു സർക്കാരുകൾ ഒപ്പിട്ട കരാറുകൾക്കനുസരിച്ചാണ് കയറ്റുമതി. 23 ഒമാനി കമ്പനികൾക്ക് ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
ഒമാനും ചൈനയും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി പ്രോട്ടോക്കോൾ അനുസരിച്ചാണ് കമ്പനികൾക്ക് നേരിട്ട് ചൈനയിലേക്ക് മത്സ്യം കയറ്റുമതിചെയ്യാൻ അവസരം തുറന്നത്. ഒമാനി കമ്പനികൾ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയിരുന്നു. ഒമാനി കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ചൈനയുടെ മാനദണ്ഡങ്ങൾ പാലിച്ച് കയറ്റുമതി ചെയ്യാം.
ഓരോ കമ്പനിക്കും ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ് നൽകും. ഇരു രാജ്യങ്ങളുടെയും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികളിൽ കാലാനുസൃതമായ പരിശോധനകൾ നടത്തും. ആവശ്യമായ ആരോഗ്യ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കൂടുതൽ കമ്പനികൾക്ക് ഭാവിയിൽ സർട്ടിഫിക്കേഷനുവേണ്ടി അപേക്ഷിക്കാമെന്നും മന്ത്രാലയം പറയുന്നുണ്ട്.
ഈ നീക്കത്തിലൂടെ ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും വ്യാപാരത്തിന് പുതിയ വഴികൾ തുറക്കുകയും ഭക്ഷ്യ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുമെന്നും മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. ഉയർന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസനീയമായ വിതരണക്കാരൻ എന്ന ഒമാന്റെ വിശേഷണം കൂടുതൽ ഊട്ടിയറപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുക, മത്സ്യ കയറ്റുമതി വർദ്ധിപ്പിക്കുക, ഒമാനി ഉൽപന്നങ്ങൾക്കായി പുതിയ വിദേശ വിപണികൾ തുറക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് മന്ത്രാലയം ഈ മേഖലയിൽ പുതിയ നീക്കങ്ങൾ നടത്തുന്നത്. ഒമാന്റെ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതുമാണ് സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുക എന്നത്. ഒമാനിലെ മത്സ്യ ഉൽപ്പാദനം 2023ൽ 793,000 ടണ്ണിലെത്തിയിരുന്നു, മുൻവർഷത്തേക്കാൾ 6 ശതമാനത്തിന്റെ വർധനവാണിത്. 324,000 ടൺ മത്സ്യം കയറ്റുമതി ചെയ്തു. അതായത് 189 ദശലക്ഷം റിയാൽ മൂല്യം, ലോകമെമ്പാടുമുള്ള 84 രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നുണ്ട്.