ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന
|കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.660 ശതകോടി റിയാലിൻറെ വർധനവാണ് രേഖപ്പെടുത്തിയത്
ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു കെ ആണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക,യു.എ.ഇ, കുവൈത്ത്, ചൈന എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് .
ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനം വരെ 17.981 ശതകോടി റിയാലിലെത്തി. കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.660 ശതകോടി റിയാലിൻറെ വർധനവാണ് ഉണ്ടായത്. ഉൽപ്പാദന മേഖലയിലെ മൊത്തം വിദേശ നിക്ഷേപം 1.694 ശതകോടി റിയാൽ ആണ്.
ഈവർഷത്തിൻറെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ മൊത്തം എഫ്.ഡി.ഐയുടെ 68. 14 ശതമാനവും എണ്ണ, വാതക മേഖലയിൽനിന്നുള്ളതാണ്. ഉൽപ്പാദന മേഖല 9. 42 ശതമാനം, റിയൽ എസ്റ്റേറ്റ് മേഖലയും വാണിജ്യ പദ്ധതികളും 5.84 ശതമാനവും മറ്റ് മേഖല 7.88 ശതമാനവും സംഭാവന ചെയ്തു. ഇൻവെസ്റ്റ് ഈസി പോർട്ടൽ വഴിയുള്ള നിക്ഷേപ ലൈസൻസുകൾക്കായുള്ള അപേക്ഷകളുടെ എണ്ണം 18,726 ആണ്. കഴിഞ്ഞ വർഷം നവംബർ 17ന് സേവനം ആരംഭിച്ചത് മുതൽ 2022 നവംബർ ഒമ്പതുവരെയുള്ള കണക്കാണിത്.