ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി: 100 മില്യൺ ഡോളർ നൽകും
|ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെതാണ് തീരുമാനം
മസ്കത്ത്: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി 100 മില്യൺ ഡോളർ നൽകും. ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ാമത് സമ്മേളനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി മന്ത്രിതല സമിതി ഊന്നൽ നൽകും. മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനും മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ മന്ത്രിതല സമിതി ആവശ്യപ്പെട്ടു.
അടിയന്തരമായി വെടിനിർത്തണമെന്നും ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളും നിയമവിരുദ്ധമായ ഉപരോധവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മാനുഷിക സഹായത്തിനും ദുരിതാശ്വാസ സാമഗ്രികൾക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും ഫലസ്തിനിലേക്കുള്ള പ്രവേശനം ഉറപ്പാക്കണം.വൈദ്യുതി, വെള്ളം എന്നിവ പുനഃസ്ഥാപിക്കാനും ഗസ്സയിലെ ജനങ്ങൾക്ക് ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കാൻ അനുവദിക്കുകയും വേണം. നിരപരാധികളായ ബന്ദികളെയും തടവുകാരെയും, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും രോഗികളെയും പ്രായമായവരെയും മോചിപ്പിക്കണം. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.