ജി.സി.സി യൂത്ത് ഗെയിംസ്: എട്ട് മെഡലുകൾ കൂടി നേടി ഒമാൻ
|ആകെ മെഡൽ നേട്ടം 59
മസ്‌കത്ത്: യു.എ.ഇയിൽ നടക്കുന്ന ആദ്യ ജി.സി.സി യൂത്ത് ഗെയിംസിൽ എട്ട് മെഡലുകൾ കൂടി നേടി ഒമാൻ. രണ്ട് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകളാണ് തിങ്കളാഴ്ച ടീം നേടിയത്.
എട്ട് മെഡലുകളിൽ പകുതിയും ഫെൻസർമാരാണ് നേടിയത്. ആൺകുട്ടികളും പെൺകുട്ടികളും രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും വീതം ആറ് മെഡലുകൾ കയ്യിലാക്കി. 100 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനത്തിൽ മിഷാൽ അൽ കുലൈബിയും 200 മീറ്റർ ബാക്ക്സ്‌ട്രോക്ക് ഇനത്തിൽ ഹിലാൽ അൽ മഷാരിയും വെങ്കല മെഡൽ നേടി.
കഴിഞ്ഞ ദിവസം എട്ട് മെഡലുകൾ കൂടി നേടിയതോടെ ഗെയിംസിൽ ഒമാന്റെ മൊത്തത്തിലുള്ള മെഡൽ നേട്ടം 59 ആയി ഉയർന്നു. പാരാ അത്ലറ്റുകൾ നേടിയ ആറ് മെഡലുകൾ ഉൾപ്പെടെയാണിത്. 16 സ്വർണവും 12 വെള്ളിയും 25 വെങ്കലവുമടക്കം 53 മെഡലുകളാണ് സാധാരണ ഇനങ്ങളിൽ മത്സരിച്ച കായികതാരങ്ങൾ നേടിയത്.
തിങ്കളാഴ്ച ഫുജൈറയിൽ നടന്ന ഫെൻസിങ് മത്സരത്തിൽ ഒമാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേഡറ്റ് പുരുഷന്മാരുടെ ഇപീ ഇനത്തിൽ അഹമ്മദ് കസ്‌കാസ് ആദ്യ സ്വർണം നേടിയപ്പോൾ അതേ ഇനത്തിൽ സഹതാരം സെയ്ദ് അൽ ഷുഐബി വെങ്കലം നേടി. കേഡറ്റ് പുരുഷന്മാരുടെ ഫോയിൽ മത്സരത്തിൽ വെള്ളിയും അഹമ്മദ് സ്വന്തമാക്കി. സെയ്ദ് അൽ ഷുഐബിയും അലി അൽ ബുസൈദിയും ഫോയിൽ ഇനത്തിൽ ഓരോ വെങ്കലവും നേടി.
ഒമാനി പെൺകുട്ടികളും മികച്ച പ്രകടനം നടത്തി. കേഡറ്റ് വനിതാ ഇപീ ഇനത്തിൽ ജന അൽ ഷാരിജി സ്വർണ മെഡൽ നേടി. അതേ ഇനത്തിൽ സഹതാരം സൽമ അൽ ദുഗൈഷി വെങ്കലം നേടി. കേഡറ്റ് വനിതാ ഫോയിൽ വിഭാഗത്തിൽ ഇസ്‌റാ അൽ സിയാബി വെള്ളിയും സ്വന്തമാക്കി. മെയ് രണ്ടിനാണ് ജി.സി.സി ഗെയിംസ് അവസാനിക്കുന്നത്.