'ഗവർണറേറ്റ് ടൂറിസം'; ഒമാനിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതി
|ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും
മസ്കത്ത്: ഒമാനിലെ ഗവർണറേറ്റുകളിലുടനീളമുള്ള ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 'ഗവർണറേറ്റ് ടൂറിസം' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചു. സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ മേൽനോട്ടത്തിൽ ബുധനാഴ്ച ആരംഭിച്ച 'ഗവർണറേറ്റ്സ് ഇക്കണോമിക്സ് ഫോറം 2024' ലാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിക്കായി 15 മില്യൺ റിയാൽ നിക്ഷേപം നീക്കിവച്ചതായും ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പദ്ധതി സുപ്രധാന പങ്ക് വഹിക്കുമെന്നും സയ്യിദ് തിയാസിൻ വ്യക്തമാക്കി.
ഫോറത്തിൽ, നിക്ഷേപങ്ങളെ നയിക്കുന്നതിനും വികസന മുൻഗണനകൾ തിരിച്ചറിയുന്നതിനുമായി രൂപകല്പന ചെയ്ത 'ഗവർണറേറ്റുകളുടെ മത്സരക്ഷമത സൂചിക' സയ്യിദ് തിയാസിൻ അവതരിപ്പിച്ചു. ഒമാൻ വിഷൻ 2040-ൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ സൂചിക നിർണായക പങ്ക് വഹിക്കും. ഇത് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാനും വികസന സംരംഭങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചക്കും പങ്കുവഹിക്കും.
'ഗവർണറേറ്റുകളിലെ വികസന അനുഭവങ്ങളും പദ്ധതികളുടെ വിജയകരമായ മാതൃകകളും' എന്ന ശീർഷകത്തിൽ സയ്യിദ് തിയാസിൻ ഒരു പ്രദർശനവും പങ്കുവെച്ചു. പ്രദർശനം ഗവർണറേറ്റുകളിലുടനീളമുള്ള മത്സരാധിഷ്ഠിത വശങ്ങൾ, പ്രധാന തന്ത്രപ്രധാന പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകളുടെ പുരോഗതി, ഭാവിയിലെ പ്രധാന സംരംഭങ്ങൾ എന്നിവ എടുത്തുകാട്ടുന്ന ഗവർണറേറ്റ് വികസന പദ്ധതിയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കി.
ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഗവർണറേറ്റ് ടൂറിസം ആരംഭിക്കുന്നതായി സാമ്പത്തിക മന്ത്രി ഡോ മുഹമ്മദ് അൽ സഖ്രി തന്റെ പ്രസംഗത്തിൽ അറിയിച്ചു. ഓരോ ഗവർണറേറ്റിന്റെയും തനതായ സവിശേഷതകൾ പ്രയോജനപ്പെടുത്തി, പ്രാദേശിക സമൂഹങ്ങളെ വളർത്തിക്കൊണ്ടും, ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണച്ചും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ഈ സംരംഭം ടൂറിസം മേഖലയെ ശാക്തീകരിക്കുമെന്നും മുഹമ്മദ് അൽ സഖ്രി പറഞ്ഞു.