ആരോഗ്യമേഖലയിലെ കേരളമോഡലുമായി ഗൾഫ് മാധ്യമം 'ഹീൽമി കേരളക്ക്' തുടക്കമായി
|കേരളത്തിൽനിന്നുള്ള പ്രമുഖരായ 20ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്
ആരോഗ്യമേഖലയിലെ കേരളത്തിൻറെ ആഗോള മാതൃകകൾ ഒമാനി സമൂഹത്തിന്ന് മുന്നിൽ തുറന്ന് ഗൾഫ് മാധ്യമം 'ഹീൽമി കേരളക്ക്' തുടക്കമായി. കേരളത്തിൽനിന്നുള്ള പ്രമുഖരായ 20ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്.
കേരളത്തിൻറെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് 'ഗൾഫ് മാധ്യമം' ഹീൽമി കേരള പവലിയനിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ പവലിയൻ 'ഹീൽമി കേരള' സയ്യിദ് ഖാലിദ് ഹമദ് അൽ ബുസൈദി, ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഒമാനിൽ നിന്ന് ആയൂർവേദ, ട്രാവൽ സ്ഥാപനങ്ങളും പങ്കാളിയാകുന്നുണ്ട്. പ്രമേഹം, നടുവേദന, വന്ധ്യത, നേത്ര രോഗം, ഇ.എൻ.ടി, ആയൂർവേദം, യൂനാനി, തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാകുന്നുണ്ട്. പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിൻറെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നു. സുൽത്താനേറ്റിലെ ഏറ്റവു വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ്.