പ്രവാസികൾക്കിടയിൽ ഹൃദയാഘാതം വർധിക്കുന്നു
|കഴിഞ്ഞ മാസം ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തിലേറെ പ്രവാസി യുവാക്കള്‍
പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. സെപ്തംബറിൽ ഒമാനിൽ മരണപ്പെട്ടത് 50ലേറെ ഇന്ത്യക്കാരാണെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ ഇവരിൽ 60 ശതമാനത്തിലേറെ പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടവരാണ്.
പത്തിലേറെ പ്രവാസി യുവാക്കളാണ് കഴിഞ്ഞ മാസം ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. യുവാക്കൾക്കിടയിലെ ഹൃദയാഘാതം അടുത്ത കാലത്തായി വർധിച്ചുവരുന്നുണ്ട്. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൃദയ സംബന്ധമായ അസുഖമാണ് ലോകമെമ്പാടുമുള്ളതും ഒമാനിലെയും പ്രധാന മരണകാരണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
ഹൃദയ സംതംഭനം മൂലമുള്ള മരണ നിരക്കുയരുന്നതായി സാമൂഹിക പ്രവർത്തകരും, ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സ തേടുന്നവർ വർധിച്ചതായി ഡോക്ടര്‍മാരും സാക്ഷിപ്പെടുത്തുന്നു.ഉയർന്ന കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദം, പുകവലി, പ്രമേഹം, പൊണ്ണത്തടി, ശാരീരിക നിഷ്‌ക്രിയത്വം, പൂരിത കൊഴുപ്പ് കഴിക്കുന്നത് തുടങ്ങിയ അപകട ഘടകങ്ങൾ അതിന്റെ വ്യാപനത്തിന് കാരണമാകുന്നു.
സ്ഥിരമായി പുകവലിക്കുക, പതിവ് വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സമ്മർദപൂരിതമായ ജീവിതം, കുടുംബം അല്ലെങ്കിൽ കഠിനമായ തൊഴിൽ സാഹചര്യങ്ങൾ, കുടുംബ ചരിത്രം എന്നിവയും കാരണങ്ങളിൽ പെടുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്.