Oman
ഒമാനിൽ കനത്തമഴ; ഇബ്രിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Oman

ഒമാനിൽ കനത്തമഴ; ഇബ്രിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Web Desk
|
29 Feb 2024 1:21 PM GMT

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മസ്കത്ത്: ഒമാനിൽ കനത്തമഴ തുടരുന്നു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ട്​ രണ്ട്​ കുട്ടികൾ​ മുങ്ങിമരിച്ചു​. അൽ റൈബ ഏരിയയിൽ വ്യാഴാഴ്​ച രാവിലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃ​തദേഹങ്ങൾ കണ്ടെത്തിയത്.

വടക്കൻ ഗവർണറേറ്റുകളിൽ കനത്തമഴയാണ്​ തുടരുന്നത്​. ശക്തമായ കാറ്റും ഇടിയും ആലിപ്പഴ വർഷവുമുണ്ടായി. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽയാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി- സിനാവ് റോഡിൽ ഗതാഗതം സ്തംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്​, ദാഖിലിയ, തെക്ക്​- വടക്ക്​ ശർഖിയ ഗവർണറേറ്റുകളിലാണ്​ മഴ ലഭിച്ചത്​. 20 മുതൽ 50 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽത്തീരങ്ങളിലും രണ്ട്​ മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ കിട്ടിയ മസ്കത്തടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.

Similar Posts