Oman
Rain warning in various parts of Oman
Oman

നാളെ മുതൽ ഒമാനിലെ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Web Desk
|
28 Sep 2024 9:05 AM GMT

ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമാണ് മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) ഏറ്റവും പുതിയ വിവരപ്രകാരം 2024 സെപ്റ്റംബർ 29 ഞായറാഴ്ച മുതൽ 2024 ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച വരെ ഒമാനിൽ അസ്ഥിര കാലാവസ്ഥയുണ്ടായേക്കും. ഞായറാഴ്ച മുതൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയും ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും വ്യാപിച്ചേക്കും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് സിഎഎ പ്രവചിക്കുന്നത്. ഇത് വാദികളുടെ ഒഴുക്കിന് കാരണമായേക്കും. 15-35 നോട്ട്‌സ് (28-65 കി.മീ/മണിക്കൂർ) വരെയുള്ള പുതിയ ഡൗൺഡ്രാഫ്റ്റ് കാറ്റും പ്രതീക്ഷിക്കപ്പെടുന്നു, പൊടിക്കാറ്റുകൾ കാരണം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിൽ തിരമാലകൾ 2.25 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ചയോടെ കാറ്റിന്റെ തീവ്രത ചെറുതായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാലും 5 മുതൽ 15 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയ്ക്കുന്ന കാറ്റ് തുടരാനുമിടയുണ്ട്.

Similar Posts