വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ബില്ല്; 'ഫിക്സഡ് പേയ്മെൻറ് സേവന'വുമായി ഒമാൻ
|നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് പുതിയ സേവനം അവതരിപ്പിച്ചത്
മസ്കത്ത്: ഒമാനിൽ വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 'ഫിക്സഡ് പേയ്മെൻറ് സേവന'വുമായി നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. വരിക്കാർക്ക് വർഷം മുഴുവനും നിശ്ചിത തുക അടക്കാൻ സഹായിക്കുന്നതായിരിക്കും പദ്ധതിയെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 12 മാസത്തെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരിക്കും 'ഫിക്സഡ് പേയ്മെൻറ് സേവനം' കണക്കാക്കുക. ഉപഭോക്താക്കൾക്ക് അവരുടെ യഥാർത്ഥ ഉപയോഗം പരിഗണിക്കാതെ തന്നെ ഈ മുൻകൂട്ടി നിശ്ചയിച്ച തുക അടക്കാൻ കഴിയും. നാമ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ സേവനം സബ്സ്ക്രൈബ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി എത്രഉപയോഗിച്ചാലും നേരത്തെ നിശ്ചയിച്ച ശരാശരി തുക അടച്ചാൽ മതിയാകും.
വേനൽക്കാലത്ത് ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന കമ്പനി അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്ത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വിപുലീകൃത കോൾ സെൻറർ, ഓൺലൈൻ പിന്തുണ, സേവന തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് സജീവമായ ആശയവിനിമയം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.