'എക്‌സ്‌പ്ലോറ 24'; ഇന്ത്യൻ സ്‌കൂൾ സലാല എക്‌സിബിഷൻ സംഘടിപ്പിച്ചു
|പ്രദർശനം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ കൗതുകം നിറഞ്ഞതായി
സലാല: ഇന്ത്യൻ സ്‌കൂൾ സലാല 'എക്‌സ്‌പ്ലോറ 24' എന്ന പേരിൽ എക്‌സിബിഷൻ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ 23 സ്റ്റാളുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് എക്‌സിബിഷൻ സംഘടിപ്പിച്ചത്. സ്‌കൂളിന്റെ ഒന്നാം നിലയിൽ നടന്ന പരിപാടി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ, വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, കൺവീനർ ഡോ: മുഹമ്മദ് യൂസുഫ്, ട്രഷറർ ഡോ:ഷാജി പി.ശ്രീധർ മറ്റു എസ്.എം.സി അംഗങ്ങളും സംബന്ധിച്ചു.
കുട്ടികൾക്ക് തങ്ങളുടെ പാഠഭാഗങ്ങൾ അനുഭവത്തിലൂടെ പകർന്ന് നൽകുകയായിരുന്നു ഓരോ സ്റ്റാളുകളും. സയൻസ്, സോഷ്യൽ, ഗണിതശാസ്ത്രം, ഇംഗ്ലീഷ്, കൊമേഴ്‌സ്, ആർട്ട്, ഹിന്ദി, മലയാളം, അറബിക്, ഫ്രഞ്ച്, തമിഴ്, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മ്യൂസിക്, സ്‌പോർട്‌സ്, ആർട്‌സ് തുടങ്ങിയവയിലായിരുന്നു സ്റ്റാളുകൾ. സയൻസ് വിഭാഗത്തിൽ കർഷകർക്കായി നിർമ്മിച്ച പ്രക്യതി ജന്യമായ കീടനാശിനിയുടെ പ്രദർശനം ശ്രദ്ധ പിടിച്ചുപറ്റി.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ നടന്ന പ്രദർശനത്തിന് വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, എ.വി.പി മാരായ വിപിൻ ദാസ്, അനിറ്റ റോസ് , വിവിധ വകുപ്പ് മേധാവികളും നേത്യത്വം നൽകി. കനത്ത ചൂടിലും ആയിരക്കണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് സ്റ്റാളുകൾ സന്ദർശിച്ചത്. വിവിധ കലാ പരിപാടികളും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കി.