അടുത്ത വർഷം മുതൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കും: ഒമാൻ ഗതാഗത മന്ത്രി
|പ്രവാസികൾ കൂടുതലുള്ള മേഖലയിൽ 2025 ജനുവരി മുതൽ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കും
മസ്കത്ത്: 2025 ജനുവരി മുതൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് ഒമാൻ ഗതാഗത മന്ത്രി. പ്രവാസികൾ കൂടുതലുള്ള മേഖലയിൽ 2025 ജനുവരി മുതൽ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കും. 2027 അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി ഒമാനി തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും ഒമാൻ വിഷൻ 2040യുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായകമാകുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു.
ഗതാഗതം, ലോജിസ്റ്റിക്സ് മേഖലയിൽ 20%, വാർത്താവിനിമയം, ഐടി മേഖലയിൽ 31% എന്നിങ്ങനെയാണ് 2024 ലെ സ്വദേശിവത്കരണം ലക്ഷ്യങ്ങൾ എന്ന് മന്ത്രി പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ 2025 ൽ ആദ്യ ഘട്ടത്തിൽ 20% മുതൽ 50% വരെയായിരിക്കും സ്വദേശിവത്കരണം. ക്രമേണ ഇത് 100% ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. വാർത്താവിനിമയം, ഐടി മേഖലയിൽ 2026 ഓടെ സ്വദേശിവത്കരണ ലക്ഷ്യം 50% മുതൽ 100% വരെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.