ജബൽ അഖ്ദറിൽ ഈ വർഷമെത്തിയത് 1.73 ലക്ഷം സന്ദർശകർ
|ഒമാനില്‍ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ
മസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ ഈ വർഷമെത്തിയത് 1.73 ലക്ഷം സന്ദർശകർ. 2023 ഒക്ടോബർ വരെയാണ് ഇത്രയും സഞ്ചാരികൾ എത്തിയതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ പറയുന്നു.
ജബൽ അഖ്ദറിലേക്ക് ഏറ്റവും കൂടുതൽ ആളുകളായെത്തിയത് ഒമാനി പൗരൻമാർ തന്നെയാണ്. 92,827 ഒമാനി പൗരൻമാരാണ് ജബൽ അദ്ഖറിന്‍റെ സൗന്ദര്യം നുകരാനെത്തിയത്. 12,356 സൗദി പൗരന്മാരും 1,037 കുവൈത്തികളുമാണ് തൊട്ടടുത്ത് സ്ഥാനങ്ങളിൽ വരുന്നത്. ജബൽ അഖ്ദറിൽ താപനിലയിൽ പ്രകടമായ മാറ്റംവന്നതോടെ വരുംമാസങ്ങളിൽ കൂടുതൽ സഞ്ചാരികകൾ ഇവിടേക്ക് എത്തും.
അൽഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽക്കാലത്ത് പോലും 20നും 30നും ഇടയിലായിരിക്കും താപനില. വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. ഇവിടെ വളരുന്ന മാതളനാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ പച്ചപ്പും സവിശേഷമായ കാലവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവത പാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും സൗകര്യങ്ങൾ ലഭ്യമാണ്. സുൽത്താനേറ്റിലെ ഇക്കോടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ.
Summary: Jebel Akhdar, one of the major tourist destinations in Oman, received 1.73 lakh visitors this year.