തൊഴിൽ തട്ടിപ്പിനിരയായി ഒമാനിലെത്തിയ തമിഴ്നാട് സ്വദേശിനിക്ക് തുണയായി റൂവി കെ.എം.സി.സി
|റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹായത്തോടെയാണ് നാട്ടിലേക്ക് അയച്ചത്.
മസ്കത്ത്: തൊഴിൽ തട്ടിപ്പിനിരയായി ഒമാനിലെത്തിയ തമിഴ്നാട് സ്വദേശിനിക്ക് തുണയായി റൂവി കെ.എം.സി.സി. 10 ദിവസവത്തോളം അലഞ്ഞു തിരിഞ്ഞു നടന്ന തമിഴ്നാട് സ്വദേശിനി പളനിയമ്മയെ റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹായത്തോടെയാണ് നാട്ടിലേക്ക് അയച്ചത്.
വീട്ടുജോലിക്കെന്ന് പറഞ്ഞാണ് തമിഴ്നാട് സ്വദേശിനിയായ 46കാരി പളനിയമ്മയെ ഏജന്റ് സന്ദർശക വിസയിൽ ഒമാനിലെത്തിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് എങ്ങനെ നാട്ടിൽ പോകണമെന്ന് അറിയാതെ അലഞ്ഞു തിരിയുമ്പോഴാണ് ഇവർ റൂവി കെ.എം.സി.സി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്നത്. മാനസികമായി ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു പളനിയമ്മ. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ തളർന്ന നിലയിൽ സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം കണ്ടെത്തിയ പളനിയമ്മയെ റൂവി കെ.എം.സി.സി. പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വ്യാഴാഴ്ച രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുകയായിരുന്നു.