ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിട്ടു
|പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ ഭരണ ചുമതല.
ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയെ കെ.പി.സി.സി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്കായി ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പിരിച്ചുവിടുന്നത് സംബന്ധിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.
ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനറായ സജി ഔസഫിനെ അഡ്ഹോക് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായും നിയമിച്ചു. എസ്. പുരഷോത്തമൻ നായർ, ഹൈദ്രോസ് പുതുവന, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, എം.ജെ.സലീം, ബനീഷ് മുരളി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. നിലവിലുള്ള കമ്മിറ്റി സിദ്ദിഖ് ഹസ്സൻറെ നേതൃത്വത്തിൽ 11 വർഷത്തോളമായി ഒമാനിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ നാല് വർഷം മുമ്പ് രാജിവെച്ചിരുന്നു.
മൂന്നു വർഷത്തേക്കായിരുന്നു നിലവിലെ കമ്മിറ്റി കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ ഭരണ ചുമതല.