ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു
|മീഡിയവൺ ഒരുക്കുന്ന മലയാളി വിദ്യാർത്ഥികളുടെ അന്തർദേശീയ ടാലന്റ് ഫെസ്റ്റിവലായ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ രജിസ്ട്രേഷൻ ഒമാനിലെ വിവിധ പ്രദേശങ്ങളിലും പുരോഗമിക്കുന്നു. സലാല ഐഡിയൽ ഹാളിൽ നടന്ന പോസ്റ്റർ പ്രകാശനത്തിൽ നിരവധി വിദ്യാർത്ഥികൾ സംബന്ധിച്ചു. മലർവാടിയും ടീൻ ഇന്ത്യയുമായി ചേർന്നാണ് വിജ്ഞാനോത്സവം ഒരുക്കുന്നത്.
മൂന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഡിസംബർ ഇരുപതിനകം https://littlescholar.mediaoneonline.com/ എന്ന ലിങ്ക് വഴി ഓൺലൈനിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ആദ്യ ഘട്ടത്തിൽ 80 ശതമാനം മാർക്ക് നേടുന്നവർക്ക് പ്രത്യേക മെഡലുകൾ ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഓരോ കാറ്റഗറിയിലും ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന മുപ്പത് വിദ്യാർത്ഥികളാണ് മസ്കത്തിൽ നടക്കുന്ന രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കുക.
ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് നാൽപത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. പരിപാടിയിൽ മാധ്യമം, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലീം സേട്ട്, ലിറ്റിൽ സ്കോളർ സലാല കൺവീനർ കെ.ജെ സമീർ, കോ കൺവീനർ ഫസ്ന അനസ് , കെ.എ സലഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.