ഒമാനിലെ അൽ ഖുവൈറിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
|ഒമാനിലെ ലുലുവിന്റെ 32-ാമത്തേതും ജിസിസിയിലെ 244-ാമത്തേതുമാണ് അൽ ഖുവൈറിലെ ഹൈപ്പർമാർക്കറ്റ്
മസ്കത്ത്: ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയിൽ സേവനം വിപുലമാക്കി ലുലു. ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ പ്രാന്തപ്രദേശമായ അൽക്വായിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു. ഒമാനിലെ ഖാസെനിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമടക്കം നിരവധി പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ലുലു റീട്ടെയിൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അൽ ധെരൈ അൽ ഐൻ ലുലു ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ഒമാനിലെ ലുലുവിന്റെ 32 ാമത്തേതും ജിസിസിയിലെ 244 ാമത്തേതുമാണ് അൽ ഖുവൈറിലെ ഹൈപ്പർമാർക്കറ്റ്. ജിസിസിയിൽ ലുലു കൂടുതൽ പ്രൊജക്ടുകൾ നടപ്പാക്കുകയാണ്. ദുക്മ്, മുസ്സന്ന, സമെയ്ൽ എന്നിവടങ്ങളിലായി മൂന്ന് പുതിയ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാവും. കൂടാതെ ഖാസെൻ എകണോമിക് സിറ്റിയിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഭരണനേതൃത്വം നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
മസ്കറ്റിലെയും അൽ ക്വായിലെയും പുതിയ ലുലു സ്റ്റോറുകൾ പ്രദേശത്തെ ജനങ്ങൾക്ക് മികച്ച അനുഭവമാകും. ഗൾഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു.