ഒമാനിൽ വിവാഹങ്ങളും വിവാഹമോചനങ്ങളും കുറയുന്നതായി റിപ്പോർട്ട്
|നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് റിപ്പോർട്ട്
മസ്കത്ത്: ഒമാനിൽ വിവാഹങ്ങളും വിവാഹമോചനങ്ങളും കുറയുന്നതായി റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ വർഷം നടന്നത് 14,716 വിവാഹങ്ങളാണ്. 2022ൽ ഇത് 15400 ആയിരുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒമാനിൽ വിവാഹങ്ങളും വിവാഹമോചനങ്ങളും കുറയുന്നതായാണ് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ റിപ്പോർട്ട്.
ഒമാനിലെ മൊത്തം വിവാഹങ്ങളുടെ എണ്ണം 2022-ൽ 15,400 ആയിരുന്നു. എന്നാൽ 2023 ആയപ്പോൾ ഇത് 14,716 ആയി കുറഞ്ഞു, അതേസമയം വിവാഹമോചനങ്ങളുടെ എണ്ണമാകട്ടെ 2022 ൽ 4,160 ആയിരുന്നെങ്കിൽ 2023 ൽ 3,828 ആയും കുറഞ്ഞിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. കഴിഞ്ഞ വർഷം 3,565 വിവാഹങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവാഹമോചനങ്ങൾ നടന്നതും മസ്കത്തിലാണ്, 2023-ൽ 1,008 കേസുകൾ ഉണ്ടായിരുന്നെങ്കിൽ 2022-ൽ ഇത് 977 ആയി കുറഞ്ഞു.
നോർത്ത് അൽ ബത്തിനയിൽ 2022-ൽ 2,713 വിവാഹങ്ങൾ നടന്നപ്പോൾ 2023-ൽ 2,542 വിവാഹങ്ങളായി കുറഞ്ഞു. നാല് ഗവർണറേറ്റുകളിൽ ഏറ്റവും കുറഞ്ഞ വിവാഹങ്ങൾ അൽ വുസ്തയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആകെ 119 വിവാഹങ്ങൾ. വിവാഹ മോചനത്തിലും മുന്നിലാണ് അൽ വുസ്ത. 2023-ൽ 50 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് വിവാഹ മോചനം നടന്നത് മുസന്ദം ഗവർണറേറ്റിലാണ്. 2023-ൽ 16 എണ്ണം മാത്രം, 2022-ൽ ഇത് 32 ആയിരുന്നു.