ഒമാനിൽ വൻ ലഹരിവേട്ട; വിവിധ സംഭവങ്ങളിലായി 12 പേർ പിടിയിൽ
|65 കിലോയിലേറെ ക്രിസ്റ്റൽ മെത്തും 40 കിലോഗ്രാം ഹാഷിഷും കൈവശം വെച്ചതിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
മസ്‌കത്ത്: ഒമാനിൽ വൻ ലഹരിവേട്ട. വിവിധ സംഭവങ്ങളിലായി 12 പേർ പിടിയിലായി. റോയൽ ഒമാൻ പൊലീസ് എക്‌സിലൂടെ അറിയിച്ചതാണ് ഈ വിവരം.ലഹരിക്കെതിരെ പോരാടുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ അഞ്ചും ദോഫർ കോസ്റ്റ് ഗാർഡ് പൊലീസ് നാലും നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കോസ്റ്റ് ഗാർഡ് മൂന്നും പ്രതികളെ പിടികൂടി.
നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾക്കെതിരെ പോരാടുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ 65 കിലോയിലേറെ ക്രിസ്റ്റൽ മെത്തും 40 കിലോഗ്രാം ഹാഷിഷും കൈവശം വെച്ചതിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. അവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായും അധികൃതർ എക്‌സിൽ അറിയിച്ചു.
ഹെറോയിനും 90 കിലോഗ്രാം ക്രിസ്റ്റൽ മെത്തും(മെത്താംഫെറ്റാമൈൻ) നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ കോസ്റ്റ് ഗാർഡ് ബോട്ട് സംഘം പ്രതികളിൽനിന്ന് പിടികൂടി. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ട് സംഘം 1,200 ലധികം പാക്കറ്റ് ഖാത്ത് കടത്താൻ ശ്രമിക്കുന്നതിനിടെ അറബ് പൗരത്വമുള്ള നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.