ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനൊരുങ്ങി ടൂറിസം മന്ത്രാലയം
|എണ്ണയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങി ഒമാൻ ടൂറിസം മന്ത്രാലയം. എണ്ണയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും മറ്റു സാമ്പത്തിക സ്രോതസ്സുകളെ വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.
ആദ്യപടിയായി മസ്കത്ത്, അൽ ദാഖിലിയ, തെക്കൻ ശർഖിയ, ദോഫാർ, മുസന്തം എന്നീ ഗവർണറേറ്റുകളിൽ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തുണ്ടായ തിരിച്ചടികളിൽനിന്ന് വിനോദസഞ്ചാര മേഖലയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
ടൂറിസ നിയമം, സാംസ്കാരിക-പൈതൃക നിയമം എന്നിവയിലെ ഭേദഗതിയടക്കമുള്ള കാര്യങ്ങൾ ടൂറിസം വികസനത്തിനായി മന്ത്രാലയം പരിഗണിക്കുന്നുണ്ട്. 2023ഓടെ 300 കോടി റിയാലിന്റെ നിക്ഷേപമാണ് ടൂറിസം മേഖലയിൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നും 170 കോടിയുടെ നിക്ഷേപം ഇതുവരെ നടന്നെന്നും മന്ത്രി വ്യക്തമാക്കി. 21 ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളും നിർമിക്കും. ഇതിൽ 11 എണ്ണം സർക്കാർ ഭൂമിയിലാണ് നിർമിക്കുന്നത്. അഞ്ചെണ്ണത്തിന്റ നിർമാണ കരാറിൽ ഒപ്പിട്ടുട്ടുണ്ട്. സ്വകാര്യ ഭൂമിയിലുള്ള 10 ഐ.ടി.സികളിൽ നാലെണ്ണത്തിന് കരാറായിട്ടുണ്ട്.