Oman
സ്വപ്നം ബാക്കി, രേഖകൾ ആവശ്യമില്ലാത്ത ലോകത്തേക്ക് മൂസാക്ക യാത്രയായി
Oman

സ്വപ്നം ബാക്കി, രേഖകൾ ആവശ്യമില്ലാത്ത ലോകത്തേക്ക് മൂസാക്ക യാത്രയായി

ijas
|
20 May 2022 5:54 PM GMT

ഒമാന്‍റെ മിക്ക ഭാഗങ്ങളിലും ജോലി ചെയ്ത് ജീവിച്ചിരുന്ന മൂസാക്കയെ എല്ലാവർക്കും സുപരിചിതനായിരുന്നു. എന്നാൽ ഔദ്യോഗിക രേഖകളിൽ ‘അറിയാത്ത ആൾ’ ആയിരുന്നു

മസ്കത്ത്: ജനിച്ച് വീണ നാടിന്‍റെ ചാരത്തണയണമെന്ന സ്വപ്നം ബാക്കിയാക്കി രേഖകൾ ആവശ്യമില്ലാത്ത ലോകത്തേക്ക് മൂസാക്ക യാത്രയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഫെബ്രുവരിയിലായിരുന്നു പട്ടാമ്പി പരുതൂർ സ്വദേശിയായ മുണ്ടാറമ്പത്ത് മൂസാക്ക സുഹാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 30ന് മരണപ്പെടുകയും ചെയ്തു. ഒടുവിൽ ഇദ്ദേഹത്തെ തിരിച്ചറിയുന്ന രേഖകൾ സാമൂഹിക പ്രവർത്തകർ സംഘടിപ്പിച്ച് 49ാമത്തെ ദിവസമാണ് സുഹാറിലെ ഖബർസ്ഥാനിൽ മറവ്ചെയ്യുന്നത്.

നാലരപതിറ്റാണ്ട് മുമ്പാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. ഇതിനിടക്ക് ഒരിക്കൽപോലും നാട്ടിൽപോയിട്ടില്ല. ഇതിനിടക്ക് രണ്ട് തവണ ഔട്ട് പാസിന് ബന്ധപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടികൾക്ക് പിന്നീട് എത്തിയിലെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ബർക്ക, മുസന്ന, ഖദറ, സഹം, സുഹാർ, മസ്കത്ത്, സലാല തുടങ്ങി ഒമാന്‍റെ മിക്ക ഭാഗങ്ങളിലും ജോലി ചെയ്ത് ജീവിച്ചിരുന്ന മൂസാക്കയെ എല്ലാവർക്കും സുപരിചിതനായിരുന്നു. എന്നാൽ ഔദ്യോഗിക രേഖകളിൽ 'അറിയാത്ത ആൾ' ആയിരുന്നു. ആശുപത്രിയിൽ അവശനായി കിടന്ന ഇദ്ദേഹത്തെ നാട്ടിൽ കൊണ്ടുപോകാനായി മുസന്നയിലെയും ഖദറയിലെയും സാമൂഹിക പ്രവർത്തകരായ എ.കെ. ലുക്മാന്‍റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മരണം പിടികൂടുന്നത്.

ഒടുവിൽ നാട്ടിലുള്ളവർക്ക് ഇദ്ദേഹത്തെ ഒരുനോക്ക് കാണാനുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള ശ്രമത്തിലായിരുന്നു സാമൂഹിക പ്രവർത്തകർ. ഇതിനായി പൊലീസ് വെരിഫിക്കേഷനും നേറ്റിവിറ്റിയും തെളിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ യാത്രാരേഖയും മറ്റും ശരിയാക്കി. എന്നാൽ ഒമാന്‍റെ രേഖകളിൽ ഇദ്ദേഹത്തെ 'അറിയുന്ന ആളാക്കി' മാറ്റാനുള്ള രേഖകൾ ഇല്ലാത്തതിനാൽ ഒടുവിൽ കുടുംബത്തിന്‍റെ സമ്മതത്തോടെ ഇവിടെതന്നെ മറവ് ചെയ്യുകയായിരുന്നു. മയ്യിത്ത് ഖബറടക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി പ്രവർത്തകരായ ശുക്കൂർ, റഷീദ്, ഷാനവാസ്, ലുക്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Moosakka left, leaving behind the dream of going to his native land

Related Tags :
Similar Posts