മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 21 മുതൽ
|34 രാജ്യങ്ങളിൽ നിന്നായി 847 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും
മസ്‌കത്ത്: 28ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 21മുതൽ നടക്കും. മാർച്ച് രണ്ടുവരെ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽ നിന്നായി 847 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും. മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള എൻഡോവ്മെൻറ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഒമാനിലെ ദാഹിറയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്‌കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക പവലിയനും പരിപാടികളും ഉണ്ടാകുമെന്ന് സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് അൽ ബുസൈദി പറഞ്ഞു.
11 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ സാംസ്‌കാരിക പരിപാടികളുും പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടർ അഹമ്മദ് സൗദ് അൽ റവാഹി പറഞ്ഞു. നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷാ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പെടെ 'കുട്ടികൾക്കും കുടുംബത്തിനും' പരിപാടികൾക്കും പ്രവർത്തനങ്ങൾക്കുമായി പ്രത്യേക വിഭാഗം അനുവദിച്ചിട്ടുണ്ട്. 'സംസ്‌കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും എ.ഐ സ്വാധീനം' എന്നതാണ് മേളയുടെ പ്രധാന വിഷയം. മേളയിലെത്തുന്ന സന്ദർശകർക്ക് വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഉണ്ടാകും.