Oman
Muscat Municipality says that it is a social duty to protect public assets
Oman

പൊതുമുതലുകൾ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

Web Desk
|
24 Nov 2023 6:15 PM GMT

ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ കുട്ടികൾക്കുള്ള യന്ത്ര ഉപകരണങ്ങളും പൂന്തോട്ടവും നശിപ്പിച്ചതിനെ തുടർന്നാണ് മുൻസിപ്പാലിറ്റിയുടെ നിർദേശം

മസ്‌കത്ത്: പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒമാൻ ദേശീയ ദിനാഘോഷ പൊതുഅവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ച് മുനിസിപ്പാലിറ്റി ചൂണ്ടികാട്ടിയത്.

നമ്മെ സേവിക്കാനായി പൊതു സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ടെന്നും, അവ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു. പൊതു ഇടങ്ങളിൽ മാലിന്യം കൊണ്ടുവന്നിടുന്നവരിൽനിന്ന് 100 റിയാൽ പിഴ ഈടാക്കുമെന്നും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ ഒന്നും വകവെക്കാതെ ബീച്ചുകളിലും മറ്റും നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ തള്ളിയിരിക്കുന്നത്.

Similar Posts