ഭക്ഷ്യസുരക്ഷ കർശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി
|മികച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും
മസ്‌കത്ത്: ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. മികച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. ഖത്തറിൽ നടന്ന രണ്ടാമത്തെ ഗൾഫ് മുനിസിപ്പൽ വാരത്തിൽ പങ്കെടുത്ത ശേഷം മുനിസിപാലിറ്റിയുടെ ഭക്ഷ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കാൻ മുനിസിപാലിറ്റി പ്രതിബദ്ധത കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാനും അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ പിന്തുടർന്നും ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കാനുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.