Oman
Muscat Municipality will maintain small business in Mawaleh Market
Oman

മവേല മാർക്കറ്റിലെ ചെറുകിട വ്യാപാരം നിലനിർത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

Web Desk
|
27 Jun 2024 5:38 PM GMT

മവേല മാർക്കറ്റിന്റെ മുഴുവൻ പ്രവർത്തനവും ബർക്കയിലെ ഖസാഇനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

മസ്‌കത്ത്: മവേല പഴം,പച്ചക്കറി സെൻട്രൽ മാർക്കറ്റിലെ ചെറുകിട വ്യാപാരം നിലനിർത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. ഒമാനികളടക്കമുള്ള ഉപഭോക്താക്കളുടെ അഭ്യാർഥന പരിഗണിച്ചാണ് റീട്ടെയിൽ വ്യാപാരം തുടരാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. മവേല പഴം, പച്ചക്കറി സെൻട്രൽ മാർക്കറ്റിന്റെ മുഴുവൻ പ്രവർത്തനവും ബർക്കയിലെ ഖസാഇനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അഭ്യർത്ഥനയെ തുടർന്ന് മാർക്കറ്റിന്റെ നിലവിലെ സ്ഥിതിയിൽ തന്നെ കച്ചവടം നടത്താമെന്നാണ് വ്യാപാരികളെ നഗരസഭ അറിയിച്ചിരിക്കുന്നത്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെയാകും മാർക്കറ്റിന്റെ പ്രവർത്തന സമയം. ചെറിയ വാഹനങ്ങൾക്ക് ഗേറ്റ് നമ്പർ രണ്ട് വഴി മാർക്കറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മാർക്കറ്റിന്റെ ഹോൾസെയിൽ പ്രവർത്തനം വെള്ളിയാഴ്ച അവസാനിപ്പിക്കും. ശനിയാഴ്ച മുതൽ ഖസാഇനിലെ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിൽ ആയിരിക്കും പ്രവർത്തിക്കുക. ഖസാഇനിൽ ആധുനിക സംവിധാനത്തോടെയും കൂടുതൽ സൗകര്യങ്ങളോടെയുമാണ് മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി പേരുടെയും മാർക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാൻ പുതിയ സെൻട്രൽ മാർക്കറ്റിലൂടെ സാധിക്കും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് പൂർണമായും ശീതീകരിച്ച മാർക്കറ്റ് ദേശീയ നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്.



Similar Posts