ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി
|മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം
മസ്കത്ത്: ഒമാനിൽ നടന്ന നീറ്റ് പരീക്ഷയിൽ മുന്നൂറിലധികം വിദ്യാർഥികൾ പരീക്ഷ എഴുതി. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. അധികൃതർ നിർദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാർഥികളെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്.
ഒമാൻ സമയം 12.30ന് ആരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. സൂർ, സലാല, ബുറൈമി എന്നിവിടങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ വെള്ളി, ശനി ദിവസങ്ങളിലായി പരീക്ഷക്കായി മസ്കത്തിൽ എത്തിച്ചേർന്നിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിത്വങ്ങൾക്കൊടുവിൽ ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചതിൽ സന്തോഷം ഉണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.
പരീക്ഷയെ കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക ആളുകൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നിലെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 269 പേരാണ് ഒമാനിൽനിന്ന് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്.