ഓൺലെെൻ ഇടപാട് ഇനി എൻ.ആർ.ഐയിലും
|ഒമാൻ, യുഎഇ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യു.പി.ഐ സൗകര്യം ലഭിക്കുക.
മസ്കത്ത്: നാല് ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികളുടെ എൻ.ആർ.ഐ അക്കൗണ്ടുകൾ വഴി ഇന്ത്യയിലെ യു.പി.ഐ സംവിധാനവുമായി ഇനി പണമിടപാടുകൾ നടത്താം. ഒമാൻ, യുഎഇ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യു.പി.ഐ സൗകര്യം ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു. ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു ഇതുവരെ യു.പി.ഐ വഴി പണമിടപാടെങ്കിൽ ഇനി ഈ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ സാധ്യമാകും.
പ്രവാസികൾക്ക് ഉപയോഗിക്കത്തക്ക നിലയിൽ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനത്തിൽ ആവശ്യമായ പരിഷ്‌കാരം വരുത്താൻ റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ഏഴര ലക്ഷത്തിൽ അധികം ഇന്ത്യക്കാർ താമസിക്കുന്ന ഒമാനുമായി യു.പി.ഐ ഇടപാടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് 2022 ഒക്ടോബറിലാണ് കരാറിലെത്തുന്നത്.
ഒമാന്റെ ഇ-പെയ്‌മെന്റ് സംവിധാനവുമായി യു.പി.ഐ ലിങ്ക് ചെയ്യാനുള്ള കരാറും എൻ.പി. സി.ഐയുമായി ഒമാൻ ഒപ്പിട്ടിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായും ഇന്ത്യ ഈ വിഷയത്തിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്ന് രൂപം നൽകിയ ദേശീയ പേയ്‌മെന്റ് കോർപറേഷനാണ് യു.പി.ഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യു.പി.ഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വിദേശ വിപണികളിലാണ് ഒമാൻ ഉൾപ്പെടെ നാല് ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.