ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞു
|പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ചു
മസ്‌കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞു. 2024 മെയ് മാസത്തോടെ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 509,6006 ആയി. 2023 അവസാനത്തോടെ രാജ്യത്ത് 520,431 ഇന്ത്യക്കാർ ജോലി ചെയ്തിരുന്നു. ഒമാനിലെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാണ് (എൻസിഎസ്‌ഐ) രാജ്യത്തെ പ്രവാസികളുടെ കണക്ക് പുറത്തുവിട്ടത്.ഒമാനിൽ ചില രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞപ്പോൾ മറ്റു ചിലയിടങ്ങളിൽനിന്നുള്ളവരുടെ എണ്ണം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
മ്യാൻമറിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 2024 മെയ് മാസത്തിൽ 102.6 ശതമാനം വർധിച്ച് 28,947 ആയി. 2023 അവസാനത്തോടെ മ്യാൻമറിൽ നിന്ന് 23,329 പേരാണുണ്ടായിരുന്നത്. ടാൻസാനിയയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 44.5 ശതമാനം ഉയർന്ന് 19,962 ആയി. നേപ്പാളിലെ പ്രവാസികൾ 2.7 ശതമാനം കുറഞ്ഞ് 20,202 ആയി. 2023 അവസാനത്തിൽ ഇത് 20,286 ആയിരുന്നു. ഈ വർഷം ഏപ്രിലിൽ 19,262 ആയിരുന്നു.
26,374 ശ്രീലങ്കൻ പ്രവാസികൾ (-4.3), 42,219 ഈജിപ്തുകാർ (+8.1), 45,307 ഫിലിപ്പീൻസ് പ്രവാസികൾ (-4.2) എന്നിങ്ങനെയാണ് മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്ക്.
അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 മെയ് മാസത്തിൽ പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർദ്ധിച്ച് 289,481 ആയി. 2023 അവസാനത്തോടെ പാകിസ്താനിൽ നിന്ന് 288,290 പ്രവാസികളാണ് ഉണ്ടായിരുന്നത്.
ബംഗ്ലാദേശി പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തി. 2023 അവസാനത്തിൽ 719,111 പേർ ഉണ്ടായിരുന്നുവെങ്കിൽ ഈ വർഷം മെയ് മാസത്തിൽ 684,108 ആയി കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 2023 മെയ് മുതൽ 2024 വരെയായി 2.8 ശതമാനമാണ് ഇടിവുണ്ടായത്.
എല്ലാ രാജ്യക്കാരുടെയും ടൂറിസ്റ്റ്, വിസിറ്റ് വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് താൽക്കാലികമായി നിർത്തിവച്ചതായി റോയൽ ഒമാൻ പൊലീസ് (ROP) പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. 2023 ഒക്ടോബർ 31 മുതൽ ബംഗ്ലാദേശി പൗരന്മാർക്ക് ഏത് തരം വിസയും നൽകുന്നതും നിർത്തിവെച്ചിരുന്നു. എന്നാൽ ഈ വർഷം ജൂണിൽ ബംഗ്ലാദേശ് പൗരന്മാർക്ക് ഏർപ്പെടുത്തിയ വിസ നിരോധനത്തിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയതായി ധാക്കയിലെ ഒമാൻ എംബസി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കുടുംബ വിസകൾ, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്കുള്ള സന്ദർശന വിസകൾ, ഫിസിഷ്യൻമാർ, എഞ്ചിനീയർമാർ, നഴ്സുമാർ, അധ്യാപകർ, അക്കൗണ്ടന്റുമാർ, നിക്ഷേപകർ, ഔദ്യോഗിക വിസകൾ, ഉയർന്ന വരുമാനവുമുള്ള വിനോദസഞ്ചാരികൾ എന്നിവയാണ് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ.