Oman
Chance of rain in Omans Dhofar and Northern Governorates from today till May 4
Oman

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ട മഴക്ക് സാധ്യത

Web Desk
|
23 April 2024 6:04 AM GMT

മഴയിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴക്ക് സാധ്യതയെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചത്. ആലിപ്പഴ വർഷത്തിനും ഇടമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴയിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ദാഹിറ, സൗത്ത് ഷർഖിയ, അൽവുസ്ത, ദോഫർ എന്നിവിടങ്ങളിലെ മരുഭൂമികളിലും തുറന്നയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, അൽബുറൈമി എന്നീ ഗവർണറേറ്റുകളിൽ താഴ്ന്ന മേഘത്തിനും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അതേസമയം, മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ നോർത്ത് ഷർഖിയ ഗവർണറേറ്റിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി നൽകി. ക്ലാസുകൾ വിദൂര വിദ്യാഭ്യാസ രീതിയിൽ നൽകും. ബുധനാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ സായാഹ്ന സ്‌കൂളുകളിലെ ചൊവ്വാഴ്ചത്തെ ക്ലാസുകളും താത്കാലികമായി നിർത്തിവെച്ച് വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റി.

താഴ്വരകൾക്കും പാറക്കെട്ടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകൾ ജാഗ്രത പാലിക്കുകയും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് ദാഖിലിയ ഗവർണറേറ്റിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ബാക്കിയുള്ള വടക്കൻ ഗവർണറേറ്റുകളുടെ ജനറൽ ഡയറക്ടർമാർക്ക് കാലാവസ്ഥാ സാഹചര്യം വിലയിരുത്തി വിദ്യാർഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കുന്നതിനുള്ള അധികാരം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള വായു ന്യൂനമർദം ഒമാന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ദേശീയ മുൻകൂർ മുന്നറിയിപ്പ് കേന്ദ്രത്തിന്റെ പ്രവചനങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Similar Posts