ഒമാനിലെ എണ്ണക്കപ്പൽ അപകടം: ഒമ്പത് ജീവനക്കാരെ രക്ഷപ്പെടുത്തി
|അപകടത്തിൽ ഒരാൾ മരിച്ചു
മസ്കത്ത്: ജൂലൈ 15ന് ഒമാനിലെ ദുകം തീരത്ത് മറിഞ്ഞ പ്രസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണക്കപ്പലിലെ ഒമ്പത് ജീവനക്കാരെ ജീവനോടെ കണ്ടെത്തി, ഒരു ജീവനക്കാരനെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. രക്ഷപ്പെടുത്തിയ ഒമ്പത് ജീവനക്കാരിൽ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു.
ഇന്ത്യൻ നാവികസേന യുദ്ധക്കപ്പൽ ഐഎൻഎസ് തേജ് പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇന്ത്യൻ സേനയും ഒമാൻ സേനയും ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്. ശേഷിക്കുന്ന ജീവനക്കാർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യൻ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ് പി8ഐയും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊമോറോസ് കൊടിവെച്ച എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞത്. ഒമാനി തുറമുഖ പട്ടണമായ ദുക്മിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് വിവരം പുറത്തുവിട്ടത്. അൽ വുസ്ത ഗവർണറേറ്റിലാണ് ദുക്മം സ്ഥിതി ചെയ്യുന്നത്.