ലോകകപ്പ് ദിവസങ്ങളിൽ മാച്ച് ഡേ ഷട്ടിൽ സർവിസുകളൊരുക്കി ഒമാൻ എയർ
|ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പ്രത്യേക യാത്രാ സൗകര്യമൊരുക്കുകയാണ് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. നവംബർ 21 മുതൽ ഡിസംബർ 3 വരെ മസ്കറ്റിനും ദോഹയ്ക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഷട്ടിൽ ഫ്ളൈറ്റുകളിലെ യാത്രക്കാർക്ക് ഒമാൻ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാം.
റിട്ടേൺ മാച്ച് ഡേ ഷട്ടിൽ ഫ്ളൈറ്റുകൾ ഒമാൻ എയർ വെബ്സൈറ്റിൽ (omanair.com) ബുക്ക് ചെയ്യാവുന്നതാണ്. ഇക്കണോമി ക്ലാസിന് 49 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 155 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും.
കുറഞ്ഞത്, മത്സരം ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും ദോഹയിൽ എത്തിച്ചേരുന്ന രീതിയിലായിരിക്കും സർവിസ്. കൂടാതെ, എല്ലാ യാത്രക്കാരും ഹയ്യ കാർഡിനായി (ഫാൻ ഐഡി) രജിസ്റ്റർ ചെയ്യണം. എല്ലാ മാച്ച് ഡേ ഷട്ടിൽ ഫ്ളൈറ്റുകളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്.