ഒമാൻ എയർ ഈ വർഷം അവസാനത്തോടെ വൺവേൾഡ് പൂർണ അംഗമാകും
|1200-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാർക്ക് അനുമതി നൽകുന്നതാണ് വൺവേൾഡ് അലയൻസ്
മസ്കത്ത്: ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഈ വർഷാവസാനത്തോടെ വൺ വേൾഡ് അലയൻസിൽ പൂർണ അംഗമായി ചേരുമെന്ന് വൺ വേൾഡ് അലയൻസ് സിഇഒ നഥാനിയേൽ പീപ്പർ. ഒമാൻ ഒബ്സർവറിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒമാൻ എയറുമായുള്ള പങ്കാളിത്തം അതിശയകരമാണ്, വർഷാവസാനത്തോടെ സമ്പൂർണ സംയോജനം കൈവരിക്കാനുള്ള പാതയിലാണ് ഞങ്ങൾ' പീപ്പർ പറഞ്ഞു.
ഒമാൻ എയർ 2022ലാണ് വൺ വേൾഡ് അലയൻസിൽ ചേർന്നത്. ലോഞ്ച് ആക്സസ് ഉൾപ്പെടെ അലയൻസ് നൽകിയ 1200-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാർക്ക് അനുമതി നൽകുന്നതാണ് വൺവേൾഡ് അലയൻസ്. വൺവേൾഡ് അംഗത്വമുള്ള എയർലൈനുകൾ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും റിവാർഡുകളും സഹിതം മികച്ചതും തടസ്സമില്ലാത്തതുമായ യാത്രാനുഭവമാണ് നൽകുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി വൺവേൾഡ് കണക്റ്റ് പങ്കാളിയായ ഫിജിയുടെയും സൗത്ത് പസഫിക്കിന്റെയും ഫ്ളാഗ് കാരിയറായ ഫിജി എയർവേസ് തിങ്കളാഴ്ച വൺവേൾഡിന്റെ 15ാമത്തെ പൂർണ അംഗമായി. നാഡി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചുള്ള എയർലൈൻസ് 15 രാജ്യങ്ങളിലെ 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിവരികയാണ്.