പണത്തട്ടിപ്പിൽ കുടുങ്ങരുതെന്ന് ഒമാനിൽ അധികൃതരുടെ മുന്നറിയിപ്പ്
|പെട്രോളിയം ഡവലപ്മെന്റ് ഒമാൻ ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ് നൽകുന്നെന്ന സന്ദേശമാണ് ഏറ്റവും പുതിയത്
മസ്കത്ത്: ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ക്യാഷ് പ്രൈസ് വാഗ്ദാനങ്ങളിലോ മണി ചെയിൻ തട്ടിപ്പിലോ കുടുങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ക്യാഷ് പ്രൈസ് ഉണ്ടെന്ന് വിശ്വസിപ്പിച്ചും ബാങ്കിൽ നിന്നാണെന്നു പറഞ്ഞും അനവധി തട്ടിപ്പ് സന്ദേശങ്ങളാണ് പ്രവാസികൾക്കിടയിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
പെട്രോളിയം ഡവലപ്മെന്റ് ഒമാൻ ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ് നൽകുന്നെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും പുതിയത്. ഈ പരസ്യം വ്യാജമാണെന്നും കമ്പനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പെട്രോളിയം ഡവലപ്മെന്റ് ഒമാൻ അധികൃതർ വ്യക്തമാക്കി.വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ച പരസ്യം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പ്രസ്താവനയുമായി രംഗത്തെത്തിയത്.
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, പിരമിഡ് സ്കീം തുടങ്ങിയവ വഴിയുള്ള ചരക്കുകളുടെയും ഉത്പന്നങ്ങളുടെയും വില്‍പ്പന, പരസ്യം, പ്രമോഷന് എന്നിവ വാണിജ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ ഏറ്റവും കുറഞ്ഞ പിഴ 5000 റിയാലാണ്. ഇതിലൂടെ തട്ടിപ്പിന്റെ വ്യാപ്തി കുറക്കാന്‍ സാധിച്ചിരുന്നു. വ്യക്തികളെ തട്ടിപ്പില്‍ നിന്ന് അകറ്റിനിര്‍ത്താനും നിയമത്തിലൂടെ സാധിച്ചുവെന്ന് വാണിജ്യ മന്ത്രാലയം വക്താക്കള്‍ പറയുന്നു. എങ്കിലും വീണ്ടും പുതിയ രൂപത്തിൽ തട്ടിപ്പ് കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്.