ഒമാനിൽ വിദേശങ്ങളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയക്കുള്ള ധനസമാഹരണം നിരോധിച്ചു
|മസ്‌കത്ത്:വിദേശങ്ങളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ധനസമാഹരണം ഒമാൻ നിരോധിച്ചു. കച്ചവടം ലക്ഷ്യമാക്കി അവയവം മാറ്റിവെക്കലിനുള്ള സംഭാവനകൾ ചാരിറ്റബിൾ ഗ്രൂപ്പുകൾ പരസ്യപ്പെടുത്തുന്നതായി ഒമാൻ ആരോഗ്യമന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
ഒമാനിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ അവയവമാറ്റത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും നാഷനൽ ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിലെ അവയവദാന വിഭാഗം മേധാവി ഡോ. അൽ ജഹ്ദാമി പറഞ്ഞു. അത്തരം നടപടിക്രമങ്ങൾ പലപ്പോഴും നിയമപരവും ധാർമികവുമായ ചട്ടക്കൂടുകൾക്ക് പുറത്താണ്. ഇത് മനുഷ്യക്കടത്തിലേക്കും അവയവ കടത്തിലേക്കൊക്കെ എത്തിപ്പെടാനുള്ള സാധ്യയുണ്ടെന്ന് ജഹ്ദാമി പറഞ്ഞു. അവയവം മാറ്റിവെക്കൽ ചട്ടങ്ങളുടെ ആറാം അധ്യായത്തിലെ ആർട്ടിക്കിൾ 25 അനുസരിച്ച് മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിൽപ്പനയുടെയും വാങ്ങലിൻറെയും പരസ്യമോ പ്രമോഷനോ ഒമാനിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഒമാനി പീനൽ കോഡ് ഇത്തരം പ്രവർത്തനങ്ങൾക്ക് കർശനമായ പിഴകളാണ് മുന്നോട്ട് വെക്കുന്നത്.