തിരിച്ചടിച്ച് ഒമാൻ; നമീബിയയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയം
|അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിൽ
മസ്‌കത്ത്: നമീബിയക്കെതിരെയുള്ള ടി 20 പരമ്പരയിൽ തിരിച്ചടിച്ച് ഒമാൻ. രണ്ടാം ടി20യിൽ നമീബിയയെ ആറ് റൺസിന് തോൽപ്പിച്ചു. തിങ്കളാഴ്ചത്തെ ആദ്യ ടി 20യിൽ തോൽവി നേരിട്ട ഒമാൻ, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന രണ്ടാം ടി20യിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയിലായി.
138 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയ ആതിഥേയരുടെ ശക്തമായ ബൗളിംഗ് ആക്രമണത്തിൽ, 20 ഓവർ പിന്നിട്ടപ്പോൾ 131/9 എന്ന നിലയിലൊതുങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണെടുത്തത്. ഒമാൻ മീഡിയം പേസർ മെഹ്റാൻ ഖാൻ 21 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തി. ഫയ്യാസ് ഭട്ട് രണ്ടും സീഷാൻ മഖ്‌സൂദ് ഒന്നും വിക്കറ്റ് നേടി.
നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 58(56) റൺസ് നേടി. 50 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സറും സഹിതമാണ് ഇറാസ്മസ് അർധസെഞ്ചുറി തികച്ചത്. ഇറാസ്മസിനെ മുഹമ്മദ് നദീം പുറത്താക്കിയതോടെ മത്സരം ഒമാന്റെ കയ്യിലായി. നദീമിന്റെ പന്തിൽ അയാൻ ഖാൻ പിടിച്ചാണ് ഇറാസ്മസ് മടങ്ങിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഒമാന് ഓപ്പണിംഗ് ജോഡികളായ കശ്യപ് പ്രജാപതി (22 പന്തിൽ 20), പ്രതീക് അത്താവലെ (26 പന്തിൽ 38) എന്നിവർ തരക്കേടില്ലാത്ത തുടക്കം നൽകി. ആക്വിബ് ഇല്യാസും (23) അത്താവാലെയും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 49 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നിങ്സിന്റെ ഹൈലൈറ്റ്. അയാൻ ഖാൻ പുറത്താകാതെ 22 റൺസ് നേടി.
ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ സ്വന്തമാക്കി ഇറാസ്മസ് ബൗളിംഗിലും തിളങ്ങി. 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റൂബൻ ട്രംപൽമാനും മികവ് കാണിച്ചു.