ഊർജമേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഒമാനും ജർമനിയും കരാർ ഒപ്പുവെച്ചു
|ഒമാൻ സുൽത്താന്‍റെ ജർമൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ
ഊർജമേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഒമാനും ജർമനിയും കരാർ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങൾ, സ്മാർട്ട് നെറ്റ്‌വർക്കുകൾ എന്നിവയുടെ കൈമാറ്റത്തിന് കരാർ വഴിവെക്കും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ജർമൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ.
ഒമാൻ ഊർജ, ധാതു മന്ത്രി എൻജി. സലിം നാസർ അൽ ഔഫി, ജർമൻ ഫെഡറൽ മിനിസ്ട്രി ഫോർ ഇക്കണോമിക് അഫയേഴ്‌സ് ആൻഡ് ക്ലൈമറ്റ് ആക്ഷൻ സ്റ്റേറ്റ് സെക്രട്ടറി ഡോ. പാട്രിക് ഗ്രെയ്‌ചെനുമാണ് കരാറിൽ ഒപ്പുവ്വെച്ചത്. പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ, അവയുടെ സംയോജിത സംവിധാനങ്ങൾ, സ്മാർട്ട് നെറ്റ്‌വർക്കുകൾ, ഊർജ കാര്യക്ഷമത തുടങ്ങിയ മേഖലകളിലെ സഹകരണ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തി.
ഊർജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്ന പ്രധാന സംയുക്ത പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.സുൽത്താൻ ഹൈതം ബിൻ താരിക്ക് ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്‌ൻമിയറും ബെർലിനിലെ ബെല്ലീവ് പാലസിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഒമാനി, ജർമ്മൻ ജനതകളുടെ പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.