സുൽത്താൻ ഖാബൂസ് വിടവാങ്ങിയിട്ട് നാലു വർഷം; പ്രിയ ഭരണാധികാരിയുടെ ഓർമയിൽ ഒമാൻ
|1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ
ആധുനിക ഒമാന്റെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം പൂർത്തിയാകുന്നു. നയതന്ത്രജ്ഞൻ, സമാധാനകാംക്ഷി തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്കർഹനായ പ്രിയ ഭരണാധികാരിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു.
1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽപോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള അമ്പത് വർഷകാലം ഒമാൻ സാക്ഷ്യം വഹിച്ചത്. രാജ്യത്തിൻറെ എണ്ണ സമ്പത്ത് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി.
അടിസ്ഥാന സൗകര്യ വികസനത്തിന് വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഊന്നൽ നൽകിയത്. നയതന്ത്രജ്ഞതയിലും വിദേശകാര്യ നയത്തിന്റെ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ട നിന്ന വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും ശൈഖ മസൂൺ അൽ മഷാനിയുടെയും ഏക മകനായി 1940 നവംബർ പതിനെട്ടിന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും പൂനെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പൂനെയിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ ഇദ്ദേഹത്തിന്റെ അധ്യാപകൻ ആയിരുന്നു. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലർത്തി പോന്നു. സുൽത്താൻ ഖാബൂസിൻറെ പിൻഗാമിയായി വന്ന സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള യജ്ഞത്തിലാണ്.