ഒമാന്‍ ഇന്ത്യൻ സോഷ്യല്‍ ക്ലബ് പുസ്തകോത്സവം സംഘടിപ്പിക്കുന്നു
|ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50, 000ത്തിൽ അധികം പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന പുസ്തകോത്സവം ഒമാനിലെ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്സുമായി സഹകരിച്ചാണ് നടത്തുന്നത് എന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പുസ്തകോത്സവം ജനുവരി 12 മുതൽ 15 വരെ ദാർസൈറ്റിലെ മൾട്ടി പർപ്പസ് ഹാളിൽ വച്ചാണ് നടക്കുന്നത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഒമാനിലെ പ്രമുഖ എഴുത്തുകാരും ചടങ്ങിൽ പങ്കെടുക്കും. ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50, 000ത്തിൽ അധികം പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും. രാവിലെ പത്തു മണിമുതൽ മുതൽ രാത്രി പത്തുമണി വരെയാകും പ്രദർശനം.
പുസ്ത പ്രദർശനത്തിനു പുറമെ സാഹിത്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവ നടക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് കൾച്ചറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, സുഹൈൽ ഖാൻ , അൽ ബാജ് ബുക്സിന്റെ മാനേജിങ് ഡയറക്ടർ പി.എം ഷൗക്കത്ത് അലി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.