Oman
ഒമാനിൽ നിശ്ചിത തൊഴിലുകളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വിസ വിലക്ക്
Oman

ഒമാനിൽ നിശ്ചിത തൊഴിലുകളിൽ പ്രവാസികൾക്ക് 6 മാസത്തേക്ക് വിസ വിലക്ക്

Web Desk
|
13 Aug 2024 12:14 PM GMT

സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്.

മസ്‌കത്ത്: നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ഇലക്ട്രീഷ്യൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, ഷെഫുമാർ, ബാർബർമാർ എന്നീ തസ്തികകളിൽ ഒമാനി പൗരന്മാർക്ക് മുൻതൂക്കം നൽകാനാണ് പുതിയ തീരുമാനം.

ഈ തീരുമാനം നിലവിൽ വന്നതിന് ശേഷവും ഒമാനിൽ തന്നെ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിൽ പുതുക്കലിനും കൈമാറ്റത്തിനും അനുമതി നൽകും. തീരുമാനം 2024 സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും, അതിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിൽ അറിയിച്ചു.

വർക്ക് പെർമിറ്റുകൾ നിർത്തലാക്കിയ തൊഴിലുകൾ

1- നിർമ്മാണ തൊഴിലാളി / ജനറൽ

2- ക്ലീനിംഗ് വർക്കർ / ജനറൽ ബിൽഡിംഗ്‌സ്

3- ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളി

4- ഇഷ്ടികപ്പണിക്കാർ

5- സ്റ്റീൽ ഫിക്‌സർ

6 - ടെയ്‌ലർ / സ്ത്രീകളുടെ വസ്ത്രങ്ങൾ / ജനറൽ

7- ടെയ്‌ലർ / പുരുഷന്മാരുടെ വസ്ത്രങ്ങൾ / ജനറൽ

8- ഇലക്ട്രീഷ്യൻ / ജനറൽ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ

9- വെയ്റ്റർ

10- പെയിന്റർ

11- ഷെഫ് / ജനറൽ

12- ഇലക്ട്രീഷ്യൻ / ഹോം ഇൻസ്റ്റാളേഷനുകൾ

13- ബാർബർ

Similar Posts