ഒമാനിൽ ആറ് മാസത്തിനിടെ 217 നിക്ഷേപകർക്ക് ദീർഘകാല വിസ
|നിരവധി മലയാളി ബിസിനസുകാർ ഇതിനകം ഒമാനിൽ ദീർഘകാല വിസ നേടിയിട്ടുണ്ട്
ഒമാനിൽ കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 217 നിക്ഷേപകർക്ക് ദീർഘകാല വിസ നൽകിയിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഈ വർഷം മാർച്ച് 16വരെയുള്ള കണക്കാണിത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് 2021 ഒക്ടോബറിലായിരുന്നു ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്.
142 നിക്ഷേപകർക്ക് 10 വർഷത്തെ വിസയാണ് നൽകിയത്. 73 നിക്ഷേപകർക്ക് അഞ്ചുവർഷത്തെ റെസിഡൻസി കാർഡും രണ്ട് പേർക്ക് വിരമിച്ച വിഭാഗത്തിലും ദീർഘകാല വിസ നൽകി. നിബന്ധനകൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി നൽകുക. ദീർഘകാല താമസാനുമതി ലഭിക്കാൻ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ വളർച്ചക്ക് സഹായകരമാകുന്ന രീതിയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിരവധി മലയാളി ബിസിനസുകാർ ഇതിനകം ഒമാനിൽ ദീർഘകാല വിസ നേടിയിട്ടുണ്ട്.
Oman issues long-term visas to 217 investors over six months