ഒമാനില്‍ മന്ത്രാലയങ്ങള്‍ ജോലിസമയം പുഃനക്രമീകരിച്ച് തുടങ്ങി
|ഒമാനില്‍ സര്‍ക്കാര്‍-പൊതുമേഖലയില്‍ നടപ്പാക്കിയ ഫ്‌ലക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റത്തിനനുസരിച്ച് വിവിധ മന്ത്രാലയങ്ങള്‍ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി. എല്ലാ സര്‍വിസ് ഡെലിവറി ഔട്ട്ലെറ്റുകളും രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നുവരെ സേവനം ലഭ്യമാക്കും.
രാജ്യത്ത് സര്‍ക്കാര്‍-പൊതുമേഖലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കും. ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് മൂന്നു വരെയാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ട്മുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും ഇതിന്റെ പ്രവര്‍ത്തന സമയം.
എന്നാല്‍ മന്ത്രാലയ ഓഫിസില്‍ ആവശ്യമായ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യാനായി രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുവരെ ജീവനക്കാരുണ്ടാകും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ആസ്ഥാനത്തും അതിന്റെ ഡയരക്ടറേറ്റുകളിലും വിവിധ ഗവര്‍ണറേറ്റുകളിലുടനീളമുള്ള അനുബന്ധ വകുപ്പുകളിലും പ്രവര്‍ത്തന സമയം വൈകിട്ട് 4.30 വരെ ആയിരിക്കും. പരിസ്ഥിതി അതോറിറ്റിയിലെ സേവനങ്ങള്‍ വൈകിട്ട് മൂന്നുവരെ ലഭ്യമാകും.
സര്‍ക്കാര്‍-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഈ മാസം 15 മുതല്‍ ഫ്‌ലക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം നടപ്പാക്കിയത്.