അനധികൃത സാഹസിക ടൂറിസം ഓപറേറ്റർമാർക്കെതിരെ കർശന നടപടിയുമായി ഒമാൻ ടൂറിസം മന്ത്രാലയം
|നിയമലംഘകർക്ക് 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കും
മസ്കത്ത് : ലൈസൻസില്ലാതെ സാഹസിക ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും എതിരെ മുന്നറിപ്പ് നൽകി ഒമാൻ ടൂറിസം വകുപ്പ് (MHT). കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റു രീതികളിലും സാഹസിക ടൂറിസം പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. സാംസ്കാരിക പൈതൃക നിയമത്തിലെ 8-ാം വകുപ്പ് ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്നുണ്ട്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും ആവശ്യമായ അനുമതികൾ ലഭിക്കുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും മന്ത്രാലയം നിർദേശിച്ചു. നിയമലംഘനം നടത്തുന്നവർക്ക് 10 ദിവസം മുതൽ 6 മാസം വരെ തടവും, 6,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴയും ശിക്ഷയിയായി വിധിക്കപ്പെടാം എന്ന് മന്ത്രാലയം അറിയിച്ചു. സാഹസിക ടൂറിസം പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും www.mht.gov.om എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു.