പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ
|എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേയിൽ 12ാമത്
മസ്‌കത്ത്: എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേ പ്രകാരം പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഒമാൻ. സൗഹൃദം, സുരക്ഷിതത്വം, എളുപ്പമുള്ള താമസം എന്നിവയിൽ ഉയർന്ന സ്‌കോറുകൾ നേടിയ ഒമാൻ സർവേയിൽ 12ാം സ്ഥാനത്താണ്.
പ്രവാസി ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സമഗ്ര പഠനങ്ങളിലൊന്നാണ് ഇന്റർനേഷൻസിന്റെ എക്സ്പാറ്റ് ഇൻസൈഡർ സർവേ. 174 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള 175 രാജ്യക്കാരായ 12,500ലധികം പ്രവാസികളിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിച്ചാണ് 11ാം എഡിഷൻ സർവേ നടത്തിയത്.
ജീവിതനിലവാരം, എളുപ്പത്തിൽ താമസമാക്കൽ, വിദേശത്ത് ജോലിചെയ്യൽ, വ്യക്തിഗത ധനകാര്യം, പ്രവാസി എസൻഷ്യൽ സൂചിക തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് സർവേ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. 2024ൽ, സർവേ 53 രാജ്യങ്ങളെയാണ് റാങ്ക് ചെയ്തത്. പനാമയാണ് പട്ടികയിൽ ഒന്നാമത്. മെക്‌സിക്കോ, ഇന്തോനേഷ്യ, സ്‌പെയിൻ, കൊളംബിയ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ ഇതര രാജ്യങ്ങൾ. തുർക്കി, ഫിൻലൻഡ്, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് അവസാന അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഒമാനിലെ പ്രവാസികൾ നാട്ടുകാരുമായുള്ള സൗഹൃദത്തിൽ സന്തുഷ്ടരാണ് (എട്ടാം റാങ്ക്), എളുപ്പത്തിൽ താമസമാക്കൽ (12ാം റാങ്ക്) കൂടാതെ വ്യക്തിഗത സാമ്പത്തിക കാര്യത്തിലും (12ാം റാങ്ക്) സംതൃപ്തരാണ്.
സംസ്‌കാരവും സ്വീകരണവും (12), സുരക്ഷ (13), പരിസ്ഥിതിയും കാലാവസ്ഥയും (13), കുടുംബ സുഹൃത്തുക്കൾ (14) എന്നീ വിഭാഗങ്ങളിൽ ഒമാൻ ആദ്യ 15 സ്ഥാനത്തിനുള്ളിലുണ്ട്.
ജീവിത നിലവാര സൂചികയിൽ ഒമാൻ ശരാശരി 28ാം സ്ഥാനത്താണ്. വിനോദാവസരം (42ാമത്), തൊഴിൽ സാഹചര്യവും സംതൃപ്തിയും (34ാമത്) എന്നിങ്ങനെയാണ് ഉപസൂചികകളിലെ സ്ഥാനം. സർവേയിൽ പത്താം സ്ഥാനത്തുള്ള യുഎഇ, മേഖലയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യമാണ്.