ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാൻ 36-ാം സ്ഥാനത്ത്
|ഒമാൻ പാസ്‌പോർട്ട് ഉമകൾക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും.
മസ്‌കത്ത്: ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാൻ 36 സ്ഥാനത്ത്. ഹെൻലി പാസ്പോർട്ട് സൂചികയിലാണ് ഒമാൻ ഉയർന്ന സ്ഥാനത്തെത്തിയത്. ഒമാൻ പാസ്‌പോർട്ട് ഉമകൾക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ യാത്ര ചെയ്യാൻ കഴിയും.
2024 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ആഗോളതലത്തിൽ 60-ാം റാങ്കാണ് ഒമാന്. അർമേനിയ, അസർബൈജാൻ, ഈജിപ്ത്, എത്യോപ്യ, ജോർജിയ, ഇന്തോനേഷ്യ, കെനിയ, കിർഗിസ്ഥാൻ, ലബനൻ, മാലദ്വീപ്, നേപ്പാൾ, ന്യൂസിലാൻഡ്, എന്നിവയാണ് ഒമാനികൾക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാത്ത ചില രാജ്യങ്ങൾ. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ട് സൂചിക റാങ്കിങ്.
ഈ വർഷത്തെ പട്ടികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മുന്നിൽ വരുന്നത് ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നീ ആറ് രാജ്യങ്ങളാണ്. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 29 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസാരഹിത പ്രവേശനമുള്ള സിറിയയാണ് തൊട്ടുപിന്നിൽ. ഇറാഖ് 31 ഉം പാകിസ്താൻ 34 ഉം സ്ഥാനങ്ങളിലാണ്.