2024 ആഗോള സമാധാന സൂചിക: റാങ്ക് ഉയർത്തി ഒമാൻ
|48ാം സ്ഥാനത്ത് നിന്ന് 37ാം സ്ഥാനത്തേക്കെത്തി
മസ്‌കത്ത്: 2024 ലെ ആഗോള സമാധാന സൂചികയിൽ (ജിപിഐ) 37-ാം സ്ഥാനത്തെി ഒമാൻ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ് (ഐഇപി) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഈ വർഷത്തെ സൂചികയിലാണ് ഒമാൻ നില മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വർഷം 16 സ്ഥാനങ്ങൾ കയറി രാജ്യം 48ാം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം സൂചികയുടെ 18ാം പതിപ്പിലും നേട്ടം കൊയ്യുകയായിരുന്നു. ലോക ജനസംഖ്യയുടെ 99.7 ശതമാനം ഉൾക്കൊള്ളുന്ന 163 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സമാധാന നിലവാരത്തെ അടിസ്ഥാനമാക്കിയാണ് ആഗോള സമാധാന സൂചിക തയ്യാറാക്കുന്നത്.
ഒമാന്റെ മൊത്തത്തിലുള്ള സ്‌കോർ അഞ്ചിൽ 1.761 ആണ്. ഇത് മുൻ വർഷത്തിൽ ലഭിച്ചതിനേക്കാൾ +4 കൂടുതലാണ്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (MENA) ഏറ്റവും സമാധാനപരമായ മൂന്നാമത്തെ രാജ്യമായും ഒമാൻ മാറി. മിഡിൽ ഈസ്റ്റിൽ കുവൈത്ത് (1.622, ആഗോളതലത്തിൽ 25), ഖത്തർ (1.656, ആഗോളതലത്തിൽ 29) എന്നീ രാജ്യങ്ങളാണ് ഒമാൻ മുമ്പിലുള്ളത്. യു.എ.ഇ നാലാം സ്ഥാനത്താണ്. ആഗോളതലത്തിൽ 1.897 സ്‌കോറുമായി 53ാം സ്ഥാനത്താണ് യു.എ.ഇ. 1.998 സ്‌കോറുമായി ജോർദാൻ മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനത്തെത്തി. ആഗോള തലത്തിൽ 67ാം സ്ഥാനത്താണ് രാജ്യം.
സാമൂഹിക സുരക്ഷ, നിലവിലുള്ള ആഭ്യന്തര, അന്തർദേശീയ സംഘർഷം, സൈനികവത്ക്കരണം എന്നിങ്ങനെ മൂന്ന് ഡൊമെയ്നുകളിലെ 23 ക്വാളിറ്റേറ്റീവ് -ക്വാണ്ടിന്റേറ്റീവ് സൂചകങ്ങളിലൂടെയാണ് ജിപിഐ സമാധാനം വിലയിരുത്തുന്നത്.