ശമ്പളത്തിന് നികുതി; ജി.സി.സിയിൽ ആദ്യമായി വ്യക്തിഗത ആദായനികുതി നടപ്പാക്കാൻ ഒമാൻ
|ഒമാന് പിറകെ മറ്റ് ജിസിസി രാജ്യങ്ങളും വ്യക്തിഗത ആദായനികുതി ഏർപ്പെടുത്തുമെന്ന് വിദഗ്ധർ
മസ്‌കത്ത്: ജി.സി.സിയിൽ ആദ്യമായി വ്യക്തിഗത ആദായനികുതി നടപ്പാക്കാൻ ഒമാൻ. ഒമാൻ ശൂറ കൗൺസിൽ വ്യക്തിഗത ആദായനികുതി കരട് നിയമം സ്റ്റേറ്റ് കൗൺസിലിലേക്ക് കൈമാറി. നിയമനിർമാണ അംഗീകാരം പൂർണമാകുന്നതോടെ ബില്ല് 2025ൽ നിയമമാകാൻ സാധ്യതയുണ്ട്. 2020ലാണ് കരട് ബിൽ തയ്യാറാക്കിയിരുന്നത്.
എന്നാൽ ഒമാനിലെ മിക്ക പ്രവാസികളെയും പൗരന്മാരെയും ഈ പുതിയ നികുതി വ്യവസ്ഥ ബാധിക്കില്ല. ഉയർന്ന വരുമാനക്കാരായിരിക്കും നികുതി നൽകേണ്ടിവരിക. 100,000 ഡോളറിൽ കൂടുതലുള്ള വരുമാനമുള്ള ഒമാനിലെ വിദേശികൾ അഞ്ച് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ വ്യക്തിഗത നികുതി നൽകേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് എമിറേറ്റ്‌സ് എൻ.ബി.ഡി റിസർച്ച് പറയുന്നത്. അതേസമയം, ഒമാനി പൗരന്മാരെ സംബന്ധിച്ചിടത്തോളം, ഒരു ദശലക്ഷം ഡോളറിന് മുകളിലുള്ള മൊത്ത ആഗോള വരുമാനമായിരിക്കും പരിധി, അതിന് അഞ്ച് ശതമാനം നികുതി ചുമത്തും.
'തുടക്കത്തിൽ, പ്രവാസി തൊഴിലാളികളോ പൗരന്മാരോ ആകട്ടെ, ഒമാനിലെ ഭൂരിഭാഗം ആളുകളെയും പുതിയ വ്യക്തിഗത ആദായ നികുതി ബാധിക്കില്ല' എമിറേറ്റ്‌സ് എൻ.ബി.ഡി റിസർച്ച് പറഞ്ഞു.
ഒമാന് പിറകെ മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളും വ്യക്തിഗത ആദായനികുതി ഏർപ്പെടുത്തുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നതായാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
'പുതിയ വ്യക്തിഗത ആദായനികുതി 2025ൽ തന്നെ അവതരിപ്പിക്കാൻ കഴിയും, ഇത് നികുതി അടിത്തറ വിപുലീകരിക്കുന്നതിനുള്ള ജിസിസിയിലെ മുൻനിരയിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുവരും. ഒമാനിൽ പരിമിതമായ രീതിയിൽ കോർപ്പറേറ്റ് ആദായനികുതി വളരെക്കാലമായി ഉണ്ട്. 2009ൽ അവതരിപ്പിച്ച കോർപ്പറേറ്റ് നികുതി 2017ൽ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈയിടെയാണ് കോർപ്പറേറ്റ് നികുതി യുഎഇയിൽ അവതരിപ്പിച്ചത്. വാറ്റ് ഏർപ്പെടുത്തുന്നതിൽ ഒമാൻ യുഎഇയുടെയും സൗദി അറേബ്യയുടെയും പിറകിലായി' എൻ.ബി.ഡി റിസർച്ച് ചൂണ്ടിക്കാട്ടി.
ജനസംഖ്യയുടെ 42.3 ശതമാനം പ്രവാസികൾ
ഒമാനിൽ 2.2 ദശലക്ഷം പ്രവാസികളുണ്ട്, 5.2 ദശലക്ഷമുള്ള മൊത്തം ജനസംഖ്യയുടെ 42.3 ശതമാനമാണിത്. ഈ 2.2 ദശലക്ഷത്തിനുള്ളിൽ, ഭൂരിപക്ഷത്തിനും (1.4 ദശലക്ഷം) പൊതു ഡിപ്ലോമയേക്കാൾ കുറഞ്ഞ വിദ്യാഭ്യാസ നിലവാരമാണുള്ളത്.
'ഇത് വരുമാനത്തിന്റെ തികഞ്ഞ സൂചകമല്ലെങ്കിലും, 214,503 പ്രവാസി തൊഴിലാളികൾക്ക് മാത്രമേ ബിരുദമോ ഉയർന്ന ഡിപ്ലോമയോ ഉള്ളൂ, അതിനാൽ വ്യക്തിഗത ആദായ നികുതിക്ക് ബാധ്യതയുള്ള, 100,000 ഡോളറിലധികം ശമ്പളമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ഇതിനേക്കാൾ കുറവായിരിക്കും. അതിനാൽ ജനസംഖ്യയുടെ 4.2 ശതമാനത്തിൽ താഴെ മാത്രമോ നികുതി നൽകുന്നവരുണ്ടാകൂ. ഒരു ദശലക്ഷം ഡോളർ വാർഷിക വരുമാന പരിധി കൈവരിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണവും സമാനമായി ചെറുതായിരിക്കും' എൻ.ബി.ഡി റിസർച്ച് പറഞ്ഞു.