ഒമാൻ- യു.എ.ഇ റെയിൽവേ ശൃംഖല: മൂന്ന് കരാറുകളിൽ ഒപ്പുവച്ചു
|ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നീ ഷെയർഹോൾഡർമാർ തമ്മിലുള്ള പങ്കാളിത്ത കരാറാണ് ആദ്യത്തേത്
അബൂദബി:ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യു.എ.ഇ)നുമിടയിലുള്ള റെയിൽവേ ശൃംഖലയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകളിൽ ഒപ്പുവച്ചു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നീ ഷെയർഹോൾഡർമാർ തമ്മിലുള്ള പങ്കാളിത്ത കരാറാണ് ആദ്യത്തേത്. ട്രോജൻ കൺസ്ട്രക്ഷൻ ഗ്രൂപ്പ് (NPC), ഗൾഫാർ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് എന്നിവയുടെ നേതൃത്വത്തിലുള്ള ഒമാനി-എമിറാത്തി സഖ്യത്തിന് സിവിൽ കരാറുകൾ നൽകുന്നതാണ് രണ്ടാമത്തെ കരാർ.
തീവണ്ടികളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സീമെൻസും എച്ച്.എ.സിയും തമ്മിലുള്ള ഒരു സഖ്യത്തിന് റെയിൽവേ ശൃംഖല സംവിധാനിക്കാനുള്ള ചുമതല നൽകുന്നതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കരാർ.
ഒമാനി നിക്ഷേപ അതോറിറ്റി ചെയർമാൻ അബ്ദുസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, അംബാസഡർ ഡോ. അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവർ ഒമാനി ഭാഗത്തുനിന്ന് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്‌യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി, നിക്ഷേപ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവൈദി, ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി തുടങ്ങിയവർ യു.എ.ഇയുടെ ഭാഗത്ത് പങ്കെടുത്തു.