Oman
കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച ഫുട്‌ബോള്‍ താരത്തിന് അനുശോചന പ്രവാഹം
Oman

കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച ഫുട്‌ബോള്‍ താരത്തിന് അനുശോചന പ്രവാഹം

Web Desk
|
29 Dec 2021 11:51 AM GMT

29 കാരനായ അല്‍ റഖാദി ഒരു ലീഗ് മത്സരത്തിനുള്ള സന്നാഹത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

മത്സരത്തിന് മുന്നോടിയായുള്ള വാമപ്പിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ച ഫുട്‌ബോള്‍ താരം മുഖാലിദ് അല്‍ റഖാദി യുടെ വിയോഗത്തില്‍ അനുശോചനപ്രവാഹവുമായി ഒമാനിലെ കായിക പ്രേമികള്‍.

രാജ്യത്തിനായി 12 തവണ ബൂട്ടണിഞ്ഞ ഒമാന്‍ ഇന്റര്‍നാഷണലിന് കഴിഞ്ഞ ആഴ്ചയാണ് മൈതാനത്തുവച്ച് ഹൃദയാഘാതം സംഭവിച്ചത്.

ലീഗ് മത്സരത്തില്‍ അല്‍ സുവൈഖ് ക്ലബ്ബിനെ നേരിടാനായി തന്റെ ക്ലബ്ബായ മസ്‌കറ്റ് എഫ്സി താരങ്ങളോടൊപ്പം വാം അപ്പ് ചെയ്യുന്നതിനിടെയാണ് മത്സരത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് എല്ലാവരേയും നൊമ്പരപ്പെടുത്തി അല്‍ റഖാദി കുഴഞ്ഞുവീണത്.

താരത്തിന്റെ വിയോഗത്തെ ഉള്‍ കൊള്ളാനാവാത്ത ആരാധകര്‍ നിരവധി അനുശോചന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നത്.

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു', 'ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല' തുടങ്ങിയ ഓരോ ആരാധകന്റേയും കുറിപ്പുകളിലുമുണ്ട് താരത്തോടുള്ള മുഴുവന്‍ ഇഷ്ടവും ആരാധനയും.

കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവത്തില്‍ സോഫിയാന്‍ ലൂക്കര്‍ രണ്ടാം ഡിവിഷന്‍ മത്സരത്തില്‍ അള്‍ജീരിയന്‍ ഫുട്‌ബോള്‍ താരവും മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങിയ അദ്ദേഹം 10 മിനിറ്റിനുശേഷം വീണ്ടും കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

റഖാദിയുടെ മരണത്തെതുടര്‍ന്ന് സഹതാരങ്ങളും ഒഫീഷ്യല്‍സും മൈതാനത്ത് പരസ്പരം ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

താരത്തിന്റെ ആകസ്മിക മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, താരത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അവരുടെ വിഷമത്തില്‍ പങ്ക്‌ചേരുന്നതായും അറിയിച്ചു.

Similar Posts