Oman
Omani passport has gained further strength by ranking 58th in the Henley Passport Index
Oman

ഹെൻലി പാസ്പോർട്ട് സൂചികയിൽ 58ാം സ്ഥാനം: കൂടുതൽ കരുത്ത് നേടി ഒമാനി പാസ്പോർട്ട്

Web Desk
|
24 July 2024 7:53 AM GMT

86 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര

മസ്‌കത്ത്: 2024ന്റെ ആദ്യ പകുതിയിൽ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 58ാം സ്ഥാനത്തെത്തി ഒമാൻ. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിലാണ് ഒമാന്റെ മുന്നേറ്റം. 2023 ലെ റാങ്കിംഗിൽ ഒമാൻ 65ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഒമാനി പൗരന്മാർക്ക് 82 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാനാണ് സാധിച്ചിരുന്നെങ്കിൽ ഇപ്പോൾ 86 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയും.

മുൻകൂർ വിസയില്ലാതെ തന്നെ പൗരന്മാർക്ക് പോകാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചാണ് ലോകത്തെ എല്ലാ പാസ്പോർട്ടുകൾക്കും സൂചിക റാങ്ക് നൽകുന്നത്.

ജിസിസി രാജ്യങ്ങൾക്കിടയിൽനിന്ന് യുഎഇ ആദ്യമായി ആദ്യ പത്തിൽ ഇടം നേടി. 185 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യു.എ.ഇ പാസ്‌പോർട്ട് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 2006ൽ സൂചികയുടെ തുടക്കത്തിൽ 62ാം സ്ഥാനത്തായിരുന്നു രാജ്യം.

ജിസിസി രാജ്യങ്ങളിൽ യുഎഇക്ക് പിന്നാലെ ഖത്തർ - 107 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയുമായി - 46ാം സ്ഥാനത്താണ്. കുവൈത്ത് 49 സ്ഥാനത്താണ്. 99 രാജ്യങ്ങളിലേക്കാണ് കുവൈത്തികൾക്ക് വിസരഹിത പ്രവേശനം.

56ാം സ്ഥാനത്തുള്ള സൗദി അറേബ്യൻ പൗരന്മാർക്ക് 88 രാജ്യങ്ങളിലേക്കും 57ാം സ്ഥാനത്തുള്ള ബഹ്റൈനിലെ പൗരന്മാർക്ക് 87 രാജ്യങ്ങളിലേക്കും വിസയില്ലാതെ പോകാം.

ജൂലൈ 23നാണ് ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടെന്ന നിലയിൽ സൂചികയിലെ ഒന്നാം സ്ഥാനം സിംഗപ്പൂരാണ് കയ്യിലാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 227 യാത്രാ സ്ഥലങ്ങളിൽ 195 സ്ഥലങ്ങളിലേക്ക് വിസ രഹിതമായി സിംഗാപ്പൂർ പൗരന്മാർക്ക് ഇപ്പോൾ പ്രവേശനം ആസ്വദിക്കാനാകും. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്‌പെയിൻ എന്നിവ സംയുക്തയി രണ്ടാം സ്ഥാനത്താണുള്ളത്. ഓരോ രാജ്യങ്ങൾക്കും 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാകും. മുൻകൂർ വിസയില്ലാതെ 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്‌സംബർഗ്, നെതർലൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്.

വിസ ഫ്രീ ഡെസ്റ്റിനേഷൻ സ്‌കോർ 190 ആയി കുറഞ്ഞിട്ടും ബെൽജിയം, ഡെൻമാർക്ക്, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കൊപ്പം യുകെ നാലാം സ്ഥാനത്ത് പിടിച്ചുനിൽക്കുകയാണ്. മറുവശത്ത്, യുഎസാകട്ടെ, സൂചികയിൽ പിന്നാക്കം നിൽക്കുകയാണ്. 186 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ എട്ടാം സ്ഥാനത്താണ് രാജ്യമുള്ളത്.

ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടായി അഫ്ഗാനിസ്ഥാൻ നിലകൊള്ളുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രവേശനം അഫ്ഗാൻ പൗരന്മാർക്ക് നഷ്ടപ്പെട്ടു. നിലവിൽ അഫ്ഗാനികൾക്ക് 26 രാജ്യങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനമുള്ളൂ. 19 വർഷം പഴക്കമുള്ള സൂചികയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

''കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ പൊതു പ്രവണത കൂടുതൽ യാത്രാ സ്വാതന്ത്ര്യമാണ്. 2006ലെ 58ൽ നിന്ന് 2024ൽ 111ലേക്കാണ് വിസ-ഫ്രീ ആക്സസ് ചെയ്യാൻ കഴിയുന്ന ആഗോള യാത്രക്കാരുടെ ശരാശരി എണ്ണം എത്തിയിരിക്കുന്നത്. ഇത് ഏകദേശം ഇരട്ടിയായിരിക്കുകയാണ്. എന്നിരുന്നാലും, സൂചികയുടെ മുകളിലും താഴെയുമുള്ളവർ തമ്മിലുള്ള ആഗോള മൊബിലിറ്റി വിടവ് മുമ്പെന്നത്തേക്കാളും വലുതാണ്, ഒന്നാമതുള്ള സിംഗപ്പൂരിന് അഫ്ഗാനിസ്ഥാനേക്കാൾ 169 കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിതമായി പ്രവേശിക്കാനാകും' ഹെൻലി ഗ്ലോബൽ മൊബിലിറ്റി റിപ്പോർട്ടിന്റെ ജൂലൈ 2024 പതിപ്പിനെക്കുറിച്ച് ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ചെയർമാൻ ഡോ ക്രിസ്റ്റ്യൻ എച്ച് കെയ്ലിൻ പറഞ്ഞു.

Similar Posts